കേരളം
പ്രചാരണത്തിന് കൊടിയിറങ്ങുന്നു, കൊട്ടിക്കലാശാവേശത്തിൽ പുതുപ്പള്ളി
ഒരു മാസത്തോളം നീണ്ടുനിന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന ലാപ്പിൽ. പ്രവർത്തകർക്ക് വലിയ ആവേശം നൽകുന്ന റോഡ് ഷോകളുമായി മൂന്ന് മുന്നണികളുടെയും നേതാക്കൾ പുതുപ്പള്ളിയിൽ നിറഞ്ഞുനിൽക്കുകയാണ്. കൊട്ടിക്കലാശത്തിന്റെ മണിക്കൂറിലേക്ക് പുതുപ്പള്ളി കടക്കുമ്പോൾ പ്രവർത്തകരുടെ ആവേശവും അലയടിച്ചുയരുകയാണ്. കൊട്ടിക്കലാശം നടക്കുന്ന പാമ്പാടിയിലേക്ക് കൊടികളും തോരണങ്ങളുമായി പ്രവർത്തകർ ഒഴുകിയെത്തുകയാണ്. കൊട്ടിക്കലാശത്തിന്റെ അവസാന മണിക്കൂറിലേക്ക് കടന്ന പുതുപ്പള്ളിയിൽ ചർച്ചയാകുന്നത് കെ സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പോത്ത് പരാമർശവും ഉമ്മന് ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദ ഓഡിയോയുമാണ്. ഇന്ന് പരസ്യപ്രചാരണം അവസാനിക്കുന്ന പുതുപ്പള്ളിയിൽ സെപ്തംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും.
പോത്ത് വിവാദം
മുഖ്യമന്ത്രി വായ മൂടികെട്ടിയ പോത്താണെന്നും തൊലിക്കട്ടിയുടെ കൂടുതൽ കൊണ്ടാണ് പുതുപ്പള്ളിയിൽ പ്രചരണത്തിന് എത്തിയതെന്നും തൊലിക്കട്ടി ഇല്ലെങ്കിൽ മുഖ്യമന്ത്രി എത്തില്ലെന്നുമായിരുന്നു കെ പി സി സി അധ്യക്ഷൻ രാവിലെ പറഞ്ഞത്. സുധാകരന് മറുപടിയുമായി മന്ത്രി വാസവനും എത്തിയതോടെ ‘പോത്ത്’ പരാമർശം ചർച്ചയാകുന്നുണ്ട്. പോത്ത് പരാമർശം ചേരുന്നത് സുധാകരന് തന്നെയാണെന്നും കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിന് യോജിക്കാത്ത പരാമർശമാണ് നടത്തിയതെന്നുമാണ് വാസവൻ തിരിച്ചടിച്ചത്. പ്രതികരിക്കേണ്ട വിഷയങ്ങളിലൊക്ക മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിട്ടുണ്ടെന്നും പുതുപ്പള്ളിയിൽ യുഡിഎഫിന് അരലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം കിട്ടുമെന്നത് സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞുവച്ചു.