കേരളം
റിജിൽ ഒറ്റയ്ക്ക് നടത്തിയ തട്ടിപ്പ്, കോർപറേഷന് നഷ്ടം 12.6 കോടി, ആകെ തട്ടിപ്പ് 21.29 കോടിയെന്നും ക്രൈം ബ്രാഞ്ച്
പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപറേഷന് നഷ്ടമായത് ആകെ 12.60 കോടി രൂപയാണെന്ന് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസിപി ആൻറണി ടിഎ. ഇതിൽ 2.53 കോടി രൂപ ബാങ്ക് കോർപറേഷന് തിരികെ നൽകി. ഇനി കോർപറേഷന് കിട്ടാനുള്ളത് 10.7 കോടി രൂപയാണ്. ബാങ്കിൽ ആകെ 21.29 കോടി രൂപയുടെ തിരിമറിയാണ് നടന്നത്. മുൻ ബാങ്ക് മാനേജരായ റിജിൽ ഒറ്റക്കാണ് തിരിമറി നടത്തിയത്. ഇയാളുടെ അക്കൗണ്ടിൽ ആയിരം രൂപ പോലും ഇപ്പോഴില്ല. ആകെ 17 അക്കൗണ്ടുകളിൽ റിജിൽ തട്ടിപ്പ് നടത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കോർപറേഷന് നഷ്ടപ്പെട്ട തുകയിൽ ആശയകുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. റിജിൽ പണം ചെലവഴിച്ചത് ഓൺലൈൻ റമ്മിക്കും ഓഹരി വിപണിയിലേക്കുമാണെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ലിങ്ക് റോഡ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖയിൽ ഇന്ന് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. അസിസ്റ്റൻറ് കമ്മീഷണർ ടിഎ ആൻറണിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കോഴിക്കോട് കോർപ്പറേഷൻ അക്കൗണ്ട് ഓഫീസർ അടക്കമുള്ളവർ ബാങ്കിൽ എത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരും കോർപ്പറേഷൻ ഉദ്യോഗസ്ഥരും പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥരും ചേർന്ന് രേഖകൾ പരിശോധിച്ചു.
പല അക്കൗണ്ടുകളില്‍ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകള്‍ നടന്നിട്ടുണ്ട്. റിജിലിന്‍റെ ആക്സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓണ്‍ലൈന്‍ റമ്മിക്കടക്കം അക്കൗണ്ടില്‍ നിന്ന് പണം ചെലവഴിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. ആകെ 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോര്‍പറേഷന്‍റെ പരാതി. എന്നാൽ 12 കോടിയാണ് ബാങ്ക് പുറത്ത് വിടുന്ന കണക്ക്.
അതിനിടെ പ്രതിയായ എം പി റിജില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ഈ മാസം 8 ന് കോഴിക്കോട് ജില്ലാ കോടതി വിധി പറയും. നവംബർ 29 മുതൽ ഇയാൾ ഒളിവിലാണ്. ഫണ്ട് തട്ടിപ്പ് ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് എംപി റിജിലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ബാങ്കിലെ ഉന്നതരും കോർപറേഷൻ അധികൃതരും ഗൂഢാലോചനയിൽ പങ്കാളിയായി. ഒരാൾക്ക് ഒറ്റയ്ക്ക് നടത്താൻ പറ്റുന്ന തട്ടിപ്പല്ല. റിജിൽ സ്ഥലംമാറ്റം നേടിയ ശേഷമാണ് തട്ടിപ്പ് നടന്നതെന്നും റിജിലിന്റെ അഭിഭാഷകൻ വാദിച്ചു.