കേരളം
പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെപിസിസി മുൻ ജനറൽ സെക്രട്ടറി റിമാന്‍ഡില്‍
പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ കെ എബ്രഹാമിനെ റിമാൻഡ് ചെയ്തു. കോഴിക്കോട് പിഎംഎൽഎ സ്പെഷ്യൽ കോടതിയാണ് റിമാന്‍ഡ് ചെയ്തത്. രണ്ടുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ എബ്രഹാമിനെ ഇന്ന് ഇഡി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ സജീവൻ കൊല്ലപ്പള്ളിയുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി കോടതി നീട്ടി. പുൽപ്പളളി ബാങ്കിന് 5.62 കോടിയുടെ ബാധ്യത ഉണ്ടാക്കിയെന്നാണ് കേസ്.
അനധികൃതമായി സമ്പാദിച്ച 34, 41,000 രൂപയുടെ നിക്ഷേപം കെ കെ ഏബ്രഹാമിനുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് ഒന്നാം പ്രതി സജീവൻ കൊല്ലപ്പള്ളിയും കെ കെ ഏബ്രഹാമും കൂട്ടുകൃഷി നടത്തി ലാഭ വിഹിതം കൈപ്പറ്റിയതായും അന്വേഷണ സംഘം കണ്ടെത്തി. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിൽ കെ കെ എബ്രഹാമിൽ നിന്ന് നിർണായക വിവരങ്ങൾ ഇഡിക്ക് ലഭിച്ചതായും സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത