കേരളം
പി.എസ്.സി സേവനങ്ങൾ മാർച്ച് മുതൽ പ്രൊഫൈൽ വഴി മാത്രം
പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് വിവിധ സേവനങ്ങൾക്കുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള സംവിധാനം ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാക്കാൻ കമീഷൻ തീരുമാനിച്ചു. 2023 മാർച്ച് ഒന്നുമുതലാണ് ഈ സേവനം ലഭ്യമാകുക.
ഉത്തരക്കടലാസുകൾ പുനഃപരിശോധിക്കാനുള്ള അപേക്ഷകൾ, ഉത്തരക്കടലാസുകളുടെ പകർപ്പുകൾ ലഭ്യമാക്കാനുള്ള അപേക്ഷകൾ, പരീക്ഷ/അഭിമുഖം/പ്രമാണപരിശോധന/നിയമനപരിശോധന എന്നിവയുടെ തീയതിയിൽ മാറ്റം ആവശ്യപ്പെട്ടുള്ള അപേക്ഷകൾ, തുളസി സോഫ്റ്റ്വെയറിൽ പുതിയ വിദ്യാഭ്യാസ യോഗ്യത കൂട്ടിച്ചേർക്കാനുള്ള അപേക്ഷകൾ, സ്ക്രൈബിന് വേണ്ടിയുള്ള അപേക്ഷ, നിയമന പരിശോധനക്ക് ഫീസ് അടക്കാനുള്ള സേവനം, ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതി സമർപ്പിക്കാനുള്ള അപേക്ഷകൾ, മറ്റ് പൊതുപരാതികൾ എന്നിവ പുതിയ സോഫ്റ്റ്വെയർ മൊഡ്യൂൾ വഴി സമർപ്പിക്കാൻ കഴിയും.
നിലവിൽ ഇ-മെയിൽ/തപാൽ വഴിയാണ് ഇത്തരം അപേക്ഷകൾ സ്വീകരിക്കുന്നത്. പ്രൊഫൈൽ വഴിയുള്ള പുതിയ മൊഡ്യൂൾ വരുന്നതോടെ അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ കഴിയും. ഓരോ ഘട്ടത്തിലുമുള്ള നടപടി സംബന്ധിച്ച വിവരം ഉദ്യോഗാർഥികൾക്ക് അപ്പപ്പോൾത്തന്നെ അറിയാനും സാധിക്കും.വിവിധ തസ്തികകളിലേക്ക് അഭിമുഖം, ചുരുക്കപ്പട്ടിക, ഓൺലൈൻ പരീക്ഷ, അർഹത പട്ടിക അടക്കം വിശദ വിവരങ്ങൾ www.keralapsc.gov.in ൽ ലഭിക്കും.