കേരളം
പിഎസ്‌സി ജോലി തട്ടിപ്പ്; മുഖ്യ സൂത്രധാരൻ രാജലക്ഷ്മിയുടെ ഭർത്താവ്, രശ്‌മിയുടെ ഭർത്താവും പ്രതി
പിഎസ്‌സി നിയമന തട്ടിപ്പ് കേസില്‍ മുഖ്യ സൂത്രധാരൻ മുഖ്യപ്രതി രാജലക്ഷ്മിയുടെ ഭർത്താവ് ജിതിൻ ലാലെന്ന് പൊലീസ്. ജിതിൻ ലാലിനെ കേസിലെ ഒന്നാംപ്രതിയാക്കി. രണ്ടാം പ്രതി രശ്‌മിയുടെ ഭർത്താവ് ശ്രീജേഷിനെ നാലാം പ്രതിയാക്കി. രാജലക്ഷ്‌മിയെയും രശ്‌മിയെയും സഹായിച്ചത് ഭർത്താക്കന്മാരാണെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റിലായ ഇവരുടെ സഹായി ജോയ്‌സ് ജോര്‍ജ് കേസിൽ അഞ്ചാം പ്രതിയാണ്.
തട്ടിപ്പ് നടത്തിയത് സാമ്പത്തിക ലാഭം ലക്ഷ്യമിട്ടെന്ന് ഒന്നാം പ്രതി രാജലക്ഷ്‌മി പോലിസിന് മൊഴി നൽകി. സാമ്പത്തിക ലക്ഷ്യത്തോടെ തുടങ്ങിയ തട്ടിപ്പിലേക്ക് പിന്നീട് രശ്‌മിയെയും കണ്ണിചേർക്കുകയായിരുന്നുവെന്നും രാജലക്ഷ്‌മി സമ്മതിച്ചു. കസ്റ്റഡിയിലുള്ള രണ്ടാം പ്രതി രശ്‌മിയെ അടുത്ത ദിവസം തൃശൂരിലും എറണാകുളത്തുമെത്തിച്ച് തെളിവെടുക്കും. 85 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ഉപയോഗിച്ച് ഇവർ ആഢംബര കാറുകളും വീടുകളും വാങ്ങി. ഉദ്യോഗാര്‍ത്ഥിയെ ഇന്റര്‍വ്യൂ ചെയ്ത യുവതിയും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പ്രതി രാജലക്ഷ്മി തൃശ്ശൂര്‍ ആമ്പല്ലൂരില്‍ പുതിയ വീട് നിര്‍മിച്ചിട്ടുണ്ട്. ഒപ്പം എര്‍ട്ടിഗ, ഡസ്റ്റര്‍ മോഡല്‍ കാറുകളും പ്രതി ഉപയോഗിച്ചിരുന്നു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണമാണ് ഇതിനുപയോഗിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍.
പിഎസ്‌സിയുടെ വ്യാജ ലെറ്റര്‍ഹെഡ് നിര്‍മ്മിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാക്കാനായിരുന്നു ‘ഉദ്യോഗാര്‍ത്ഥികള്‍ക്ക്’ നല്‍കിയ നിര്‍ദേശം. ഇത് വിശ്വസിച്ച് ആളുകള്‍ പിഎസ്‌സി ആസ്ഥാനത്ത് എത്തിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. കത്ത് വ്യാജമെന്ന് കണ്ടെത്തിയതോടെ വിജിലന്‍സ് വിഭാഗം ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് വന്‍ തട്ടിപ്പ് പുറത്തുവന്നത്.