കേരളം
കനത്തമഴയെ തുടർന്ന് പിഎസ് സി പരീക്ഷകള്‍ മാറ്റി
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്തമഴ പെയ്യുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ പിഎസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. 21,23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ് സി അറിയിച്ചു.
ഇന്നും നാളെയും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ബുധനാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ കേരളത്തില്‍ പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ നടത്താനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവെച്ചിരുന്നു. മാറ്റിവെച്ച പരീക്ഷ കളുടെ പുതുക്കിയ തീയതി പിന്നീട് പുറത്തിക്കും. കലാലയങ്ങള്‍ 18ന് തുറന്നു പ്രവര്ത്തിക്കാനിരുന്നത് മാറ്റി 20 മുതല്‍ എന്നാക്കിയിട്ടുണ്ട്. 18ന് വെച്ച പരീക്ഷകള്‍ മാറ്റിവെക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്ലസ് വണ്‍ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. എച്ച് ഡി സി പരീക്ഷ മാറ്റിയതായി സഹകരണ യൂണിയന് പരീക്ഷാ ബോര്‍ഡ് അറിയിച്ചു. എംജി യൂണിവേഴ്സിറ്റിയും നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി.കാലിക്കറ്റ് സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല എന്നീ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.