കേരളം
‘റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക പ്രായോഗികമല്ല’; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന് എതിരെ പിഎസ്സി ഹൈക്കോടതിയില്‍
എൽജിഎസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന് എതിരെ പിഎസ്സി ഹൈക്കോടതിയില്‍. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക പ്രായോഗികമല്ലെന്നാണ് പിഎസ്‍സി ഹര്‍ജിയില്‍ പറയുന്നത്. റാങ്ക് ലിസ്റ്റ് നീട്ടാന്‍ ഉചിതമായ കാരണം വേണം. പട്ടിക നീട്ടിയാല്‍ പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകുമെന്നും പിഎസ്സി ഹര്‍ജിയില്‍ പറയുന്നു.
പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിൽ അറിയിച്ചിരുന്നു. റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷമാണെന്നും പുതിയ പട്ടിക വന്നില്ലെങ്കിൽ മൂന്ന് വർഷമെന്നാണ് കണക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റന്നാൾ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞതാണെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
അതേസമയം അസാധാരണ സാഹചര്യം വന്നാല്‍ റാങ്ക് ലിസ്റ്റ് ഒന്നര വര്‍ഷം വരെ നീട്ടാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. റാങ്ക് പട്ടിക അട്ടിമറിച്ചും കോപ്പിയടിച്ചും ആള്‍മാറാട്ടം നടത്തിയും പിഎസ് സി യെ അപമാനിച്ചത് പ്രതിപക്ഷമല്ല.
ബന്ധുക്കളെ കുത്തിനിറച്ചതും തങ്ങളല്ല. പ്രളയം തുടങ്ങി കോവിഡ് വരെ 493 ലിസ്റ്റുകള്‍ നീട്ടിയിട്ടും പ്രയോജനം കിട്ടിയില്ല. ചട്ടപ്രകാരം തന്നെയാണ് റാങ്ക് ലിസ്റ്റ് നീട്ടാന്‍ ആവശ്യപ്പെടുന്നത്. അപ്രഖ്യാപിത നിയമനനിരോധനത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു .