കേരളം
വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യം ശക്തം
നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതിയിൽ നിന്നും സർക്കാരിനേറ്റത് കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷം. സഭയിലെ അതിക്രമം അംഗീകരിക്കാനാകില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. അത് തന്നെയാണ് സുപ്രീംകോടതിയും പറഞ്ഞത്.
നിലവിലെ മന്ത്രിസഭയിൽ അംഗമായ വി ശിവൻകുട്ടിയും, മുൻ മന്ത്രിയും നിലവിലെ എംഎൽഎയുമായ കെടി ജലീലും ഉൾപ്പടെയുള്ളവർ വിചാരണ നേരിടണമെന്ന വിധിയാണ് ഉണ്ടായിരിക്കുന്നത്. വിധിയുടെ പശ്ചാത്തലത്തിൽ ധാർമ്മികത മുൻനിറുത്തി മന്ത്രി വി ശിവൻകുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ രാജിയാവശ്യപ്പെടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി
അതേസമയം വിചാരണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് നിയമസഭയില്‍ നടന്നത്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. വിചാരണ നേരിടും. നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കും. സുപ്രീംകോടതി കേസിന്റെ മറ്റ് കാര്യങ്ങളിലേക്ക് കടന്നിട്ടില്ല. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.
നിയമസഭയില്‍ നടന്നതില്‍ കുറ്റബോധമില്ലെന്ന് കേസിലെ പ്രതിയായ മുന്‍ എംഎല്‍എ കുഞ്ഞമ്മദ് മാസ്റ്റര്‍ പറഞ്ഞു. 2015 മാര്‍ച്ച് 13 ന് കെ എം മാണിയുടെ ബജറ്റ് അവതരണം തടഞ്ഞുകൊണ്ട് ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ പ്രതിഷേധമാണ് കേസിന് ആസ്പദം. ബാര്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന എല്‍.ഡി.എഫ്. എംഎല്‍എമാരുടെ നിലപാടാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.
നിലവിലെ മന്ത്രി വി ശിവന്‍കുട്ടി, മുന്‍മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, എംഎല്‍എമാരായിരുന്ന കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെയാണ് കോടതി കേസെടുത്തത്. ഈ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു സര്‍ക്കാര്‍ നല്‍കിയ ഹര്‍ജികള്‍ വിചാരണ കോടതിയും കേരള ഹൈക്കോടതിയും തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ തള്ളിയ സുപ്രീംകോടതി ശിവന്‍കുട്ടി അടക്കം എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് ഉത്തരവിട്ടു.