കേരളം
മെഡിക്കൽ കോളേജ് ഐസിയു പീഡന കേസിലെ അതിജീവിതയ്ക്കൊപ്പം നിന്ന നഴ്സിംഗ് ഓഫീസറെ സ്ഥലം മാറ്റിയ നടപടിക്കെതിരെ പ്രതിഷേധം
മെഡിക്കൽ കോളേജ് ഐസിയു പീഡന കേസിലെ അതിജീവിതയ്ക്കൊപ്പം നിന്ന നഴ്സിംഗ് ഓഫീസറെ സ്ഥലം മാറ്റിയ നടപടിക്കെതിരെ പ്രതിഷേധം ശക്തം.പി ബി അനിതയെ സ്ഥലം മാറ്റിയത് തന്നോട് ചെയ്ത ക്രൂരതയാണെന്നും നടപടിക്കെതിരെ ഏതറ്റം വരെയും പോകുമെന്നും അതിജീവിത പ്രതികരിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നേരിട്ട് കണ്ട് അതിജീവിത പ്രതിഷേധം അറിയിച്ചു. സീനിയർ നഴ്സിംഗ് ഓഫീസറായ പി ബി അനിതയെ വകുപ്പു തല നടപടിയുടെ ഭാഗമായാണ് സ്ഥലം മാറ്റിയതെന്നാണ് വിശദീകരണം. അനിതയെ സ്ഥലം മാറ്റിയതിനെതിരെ നഴ്സുമാരും പ്രതിഷേധിക്കുകയാണ്. മെഡിക്കൽ കോളേജിലെ നഴ്സുമാരുടെ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡന കേസിൽ അതിജീവിതയ്ക്കൊപ്പം നിന്ന നഴ്സിംഗ് ഓഫീസറായിരുന്നു അനിത. ഇവരെ ഇടുക്കി മെഡിക്കൽ കോളേജിലേക്കാണ് സ്ഥലം മാറ്റിയത്. ഇവർക്ക് പുറമേ ചീഫ് നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് സൂപ്രണ്ട് എന്നിവരെയും ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലം മാറ്റി. അനിതയുടെ നിരുത്തരവാദപരമായ സമീപനവും ഏകോപനമില്ലായ്മയുമാണ് മൊഴിമാറ്റാൻ അതിജീവിതയെ ഭീഷണിപ്പെടുത്താൻ കാരണമായതെന്നാണ് അന്വേഷണ റിപ്പോർട്ട്. ഇത് പരിഗണിച്ചാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടപടി സ്വീകരിച്ചത്. അതിജീവിതയുടെ മൊഴിമാറ്റാൻ സമ്മർദ്ദം ചെലുത്തിയ 5 ജീവനക്കാരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.