കേരളം
ഗവർണർക്കെതിരെ പ്രതിഷേധം; അറസ്റ്റിലായ അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം
തിരുവനന്തപുരം പേട്ടയിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ അഞ്ച് എസ്എഫ്ഐക്കാർക്ക് കോടതി ജാമ്യം അനുവദിച്ചു. പൊലീസുകാരുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ അറസ്റ്റിലായ 5 പേർക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തിരുവനന്തപുരം നഗരത്തിൽ മൂന്നിടങ്ങളിലാണ് ഗവർണർക്കെതിരെ പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിനിടെ ഗവർണർ കാറിൽ നിന്നിറങ്ങി പ്രതികരിച്ചിരുന്നു.
ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കർശന വകുപ്പായ ഐപിസി 124 കൂടി പൊലീസ് ചേർത്തിരുന്നു. ഗവർണർ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് കൂടുതൽ വകുപ്പുകൾ ചേർത്തത്. അതേസമയം, കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥികളെ നിർദേശിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ രവിയുടെ ഇടക്കാല ഉത്തരവുണ്ടായത്. സെനറ്റിലേക്ക് നാല് വിദ്യാർഥികളെ നാമനിർദേശം ചെയ്ത നടപടിക്കാണ് സ്റ്റേ. യോഗ്യതയുള്ള വിദ്യാർഥികളെ അവഗണിച്ചാണ് ഗവർണർ മറ്റ് വിദ്യാർഥികളെ നോമിനേറ്റ് ചെയ്തതെന്നാണ് ആരോപണം.
മാർ ഇവാനിയോസ് കോളേജ് വിദ്യാർത്ഥി നന്ദകിഷോർ, അരവിന്ദ് എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.രാജ്ഭവനിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള ഗവർണറുടെ യാത്രക്കിടെയായിരുന്നു ഗവർണർക്കെതിരെ പ്രതിഷേധം ഉണ്ടായത്. പൊലീസ് സുരക്ഷയോടെയായിരുന്നു ഗവര്‍ണറുടെ യാത്ര. മൂന്നിടത്ത് ഗവർണർക്കെതിരെ പ്രതിഷേധമുണ്ടായി. ആദ്യം പാളയത്ത് എസ്എഫ്ഐക്കാർ ഗവർണറുടെ വാഹനത്തിലിടിച്ച് വരെ പ്രതിഷേധിച്ചു. പിന്നെ ജനറൽ ആശുപത്രി പരിസരത്തും ഒടുവിൽ പേട്ട പൊലീസ് സ്റ്റേഷന് സമീപവും പ്രതിഷേധക്കാർ വാഹനത്തിന് നേരെ പ്രതിഷേധിച്ചു. ഇതോടെ വാഹനം നിർത്തി ഗവർണ്ണർ കാറിൽ നിന്ന് പുറത്തേക്കിറങ്ങി പ്രതിഷേധക്കാരുടെ അടുത്തേക്ക് നീങ്ങി. പ്രതിഷേധക്കാർക്കും പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ ക്ഷുഭിതനാവുകയായിരുന്നു ഗവർണർ. ഗവർണർ കാറിൽ നിന്നിറങ്ങിയതോടെ പ്രതിഷേധക്കാർ ചിതറിയോടുകയായിരുന്നു.