കേരളം
പ്രിയ വര്‍ഗീസിനെ നിയമിക്കാനുള്ള നീക്കം; ഹൈക്കോടതി വിധി ഇന്ന്
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കാനുള്ള നീക്കം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ് വിധി പറയുക. ഉച്ചക്ക് 1.45 നാണ് വിധി പ്രസ്താവം.
ഇന്റര്‍വ്യൂവില്‍ രണ്ടാം സ്ഥാനത്തെത്തിയ പ്രൊഫ. ജോസഫ് സ്‌കറിയയാണ് പ്രിയയുടെ നിയമനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വര്‍ഗീസിനെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും പട്ടികയില്‍ നിന്ന് പ്രിയയെ നീക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
യുജിസി ചട്ടപ്രകാരം മാത്രമേ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാന്‍ കഴിയുവെന്ന് ഹൈക്കോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ആയി കുഴിവെട്ടാന്‍ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വിമര്‍ശിച്ചിരുന്നു.
പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കാന്‍ മതിയായ യോഗ്യതയില്ലെന്നാണ് യുജിസിയും കോടതിയെ അറിയിച്ചിട്ടുള്ളത്. അതേസമയം പ്രിയ വര്‍ഗീസ് മതിയായ അധ്യാപന പരിചയമുണ്ടെന്നും നിയമനം നടത്തിയിട്ടില്ലാത്തതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നുമാണ് സര്‍വ്വകലാശാല വ്യക്തമാക്കുന്നത്.