കേരളം
പ്രിയ വർഗീസിന് നിയമനം; മാസങ്ങളായി പൂഴ്ത്തി വച്ച റാങ്ക് ലിസ്റ്റ് അംഗീകരിച്ചു
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ നിയമിച്ചു. വിവാദങ്ങളെ തുടർന്ന് മാസങ്ങളായി പൂഴ്ത്തി വച്ച റാങ്ക് ലിസ്റ്റ് അംഗീകരിക്കുകയായിരുന്നു. ഇന്ന് ചേർന്ന സിണ്ടിക്കേറ്റ് ആണ് നിയമനത്തിന് അംഗീകാരം നൽകിയത്.
പ്രിയയ്ക്ക് അനുകൂലമായ നിയമോപദേശം വാങ്ങിയ ശേഷമാണ് നിയമനം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ മതിയായ യോഗ്യതയില്ലാഞ്ഞിട്ടും തിരഞ്ഞെടുത്തു എന്നായിരുന്നു ആരോപണം. അതേസമയം, വി സി നിയമനത്തിനുളള പ്രത്യുപകാരമെന്ന് സെനറ്റ് അംഗം ഡോ. ആർ കെ ബിജു വിമര്‍ശിച്ചു.
പ്രിയാ വർഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കാനുള്ള നീക്കം നേരത്തെ വിവാദമായിരുന്നു. യുജിസി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയക്ക് ഇല്ലെന്നായിരുന്നു ഉയര്‍ന്ന പ്രധാന ആക്ഷേപം. യുജിസി ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ക്ക് ഗവേഷണ ബിരുദവും എട്ട് വര്‍ഷം അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യത. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിലും ഈ യോഗ്യതയുടെ കാര്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു.