ക്രൈം
വിദ്യാർത്ഥിനിയുടെ നേതൃത്വത്തിൽ സ്വകാര്യ ബസിലെ കണ്ടക്‌ടർക്ക് മർദനം, കേസെടുത്തു
കോട്ടയത്ത് സ്വകാര്യ ബസ്സിലെ കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദനം. കോട്ടയം പാക്കില്‍ സ്വദേശി പ്രദീപ് കുമാറിനാണ് മര്‍ദനമേറ്റത്. യൂണിഫോമും കണ്‍സഷന്‍ കാര്‍ഡും ഇല്ലാത്തത് വിദ്യാര്‍ത്ഥിനിയോട് ചോദിച്ചതിന്റെ പേരിലാണ് ബന്ധുക്കളും സുഹൃത്തുകളും ചേര്‍ന്ന് ഇയാളെ മര്‍ദിച്ചത്. സംഭവത്തില്‍ ചിങ്ങവനം പോലീസ് കേസ് എടുത്തു. വിദ്യാര്‍ത്ഥിനിയോട് മോശമായി സംസാരിച്ചുവെന്ന പരാതിയില്‍ കണ്ടക്ടര്‍ക്കെതിരെ പോക്‌സോ കേസും എടുത്തിട്ടുണ്ട്.
മാളിയേക്കല്‍ കടവ് കോട്ടയം റൂട്ടില്‍ ഓടുന്ന ബസ്സിലെ കണ്ടക്ടറാണ് പ്രദീപ് കുമാര്‍ . കഴിഞ്ഞ വ്യാഴാഴ്ച ബസ്സില്‍ കയറിയ വിദ്യാര്‍ത്ഥിനിയോട് യൂണിഫോമോ ഐഡിക്കാര്‍ഡോ ഇല്ലാതെ വരും ദിവസങ്ങളില്‍ കണ്‍സഷന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കളും സുഹൃത്തുകളും ചേര്‍ന്ന് ബസ് തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചത്.
തലയ്ക്ക് പരിക്കേറ്റ പ്രദീപ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇയാളുടെ പരാതിയില്‍ ചിങ്ങനവനം പൊലീസ് കേസ് എടുക്കുകയും ചെയ്തു. അതേസമയം വിദ്യാര്‍ത്ഥിനിയോട് വളരെ മോശമായി കണ്ടക്ടര്‍ സംസാരിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതാണ് പ്രകോപനത്തിന് കാരണമായത്.
പ്ലസ് വണ്ണില്‍ പ്രവേശനം അടുത്തിടെ ലഭിച്ച കുട്ടിക്ക് യൂണിഫോമും ഐഡിക്കാര്‍ഡും ലഭിച്ചിരുന്നില്ലെന്നും
ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിങ്ങവനം പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.