കേരളം
ശക്തന്റെ മണ്ണിൽ ശക്തിപ്രകടനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ
ശക്തന്റെ മണ്ണിൽ ശക്തിപ്രകടനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. ജില്ലാ ആശുപത്രി പരിസരത്തു നിന്ന് നായ്ക്കനാൽ വരെ ഒന്നര കിലോമീറ്ററാണ് റോഡ് ഷോ. നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കെ സുരേന്ദ്രനും സുരേഷ്ഗോപിയും റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്. ഇരുവശങ്ങളിലും നിരവധിപ്പേരാണ് മോദിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് നിൽക്കുന്നത്.
രണ്ടുലക്ഷം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്ന മഹിളാസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തിയത്. മഹിളകൾക്ക് മാത്രമേ സമ്മേളനത്തിൽ പ്രവേശനമുള്ളൂ. മഹിളാ സമ്മേളനത്തിൽ പാർട്ടി പ്രവർത്തകരായ വനിതകൾക്ക് പുറമേ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളും പങ്കെടുക്കുന്നുണ്ട്. നടി ശോഭന, ബീനാ കണ്ണൻ, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ, മറിയക്കുട്ടി, ക്രിക്കറ്റ് താരം മിന്നു മണി എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നുണ്ട്.
ഇതോടെ കേരളത്തില്‍ ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിലാണ് തൃശൂരിലേക്ക് വന്നത്.