കേരളം
പ്ലസ് ടു മൂല്യനിര്‍ണ്ണയത്തിനുള്ള പുതിയ ഉത്തര സൂചിക തയ്യാറാക്കല്‍ ഇന്ന് തുടങ്ങും
പ്ലസ് ടു കെമിസ്ട്രി മൂല്യ നിര്‍ണ്ണയത്തിനുള്ള പുതിയ ഉത്തര സൂചിക തയ്യാറാക്കല്‍ നടപടികള്‍ ഇന്ന് തുടങ്ങും. നാളെ മുതല്‍ വീണ്ടും മൂല്യ നിര്‍ണ്ണയം നടത്താനാണ് നീക്കം. നിലവിലെ ഉത്തര സൂചികകള്‍, വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച 15 അംഗ സമിതി പരാതി പരിശോധിക്കും.
ചോദ്യ കര്‍ത്താവ് തയ്യാറാക്കിയ സൂചികയും സ്കീം ഫൈനലൈസെഷന്‍ ഭാഗമായി 12 അധ്യാപകര്‍ തയ്യാറാക്കിയ സൂചികയും പരിശോധിക്കും. തുടര്‍ന്ന് പുതിയ സൂചിക തയ്യാറാക്കും. അതിന് ശേഷം നാലു മുതല്‍ വീണ്ടും മൂല്യനിര്‍ണ്ണയം നടത്തും. ഇതുവരെ പരിശോധിച്ച ഉത്തരക്കടലാസുകള്‍ വരെ വീണ്ടും പരിശോധിക്കും.
ചോദ്യകര്‍ത്താവ് തയ്യാറാക്കിയ ഉത്തരസൂചികയായിരുന്നു മൂല്യനിര്‍ണ്ണയത്തിന് നല്‍കിയത്. ഇതു പരിഗണിച്ചാല്‍ 10 മുതല്‍ 20 വരെ മാര്‍ക്ക് കുട്ടികള്‍ക്ക് നഷ്ടമാകുമെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മുതിര്‍ന്ന അധ്യാപകര്‍ ചേര്‍ന്നുള്ള സ്കീം ഫൈനലൈസേഷനില്‍ ഉത്തരസൂചിക പുനഃക്രമീകരിച്ചു. എന്നാല്‍ കുട്ടികള്‍ക്ക് വാരിക്കോരി മാര്‍ക്കിടുമെന്ന് പറഞ്ഞ് വിദ്യാഭ്യാസ വകുപ്പ് ഇത് തള്ളി.
ചോദ്യത്തിലും ഉത്തരസൂചികയിലും പിശകെന്ന പരാതി കുട്ടികളുടെ ആശങ്ക കൂട്ടി. ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഇടപെട്ടാണ് വിദഗ്ധസമിതിയെ വെക്കാന്‍ തീരുമാനമെടുത്തത്. പുതിയ തീരുമാനത്തെ അധ്യാപകര്‍ സ്വാഗതം ചെയ്തു. സര്‍ക്കാരിന് വൈകിവന്ന വിവേകമെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. അച്ചടക്ക നടപടികള്‍ പിന്‍വലിക്കണമെന്നും അധ്യാപകരുടെ സംഘടനയായ എഎച്ച്എസ്ടിഎ ആവശ്യപ്പെട്ടു.