കേരളം
ഗർഭിണികൾക്കും വാക്സിൻ സ്വീകരിക്കാം; അംഗീകാരം നൽകി കേന്ദ്രം
ഗർഭിണികൾക്ക് കൊവിഡ് വാക്സിൻ നൽകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതു സംബന്ധിച്ച ദേശീയ സമിതിയുടെ ശിപാർശയ്ക്ക് കേന്ദ്രം അംഗീകാരം നൽകി. കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തോ ഏറ്റവും അടുത്തുള്ള കേന്ദ്രത്തിൽ നേരിട്ടെത്തിയോ വാക്സിൻ സ്വീകരിക്കാമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.
ഗർഭിണികൾക്ക് വാക്സിൻ നൽകുന്നതിനുള്ള മാർഗ നിർദേശങ്ങളും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. വാക്സിൻ നൽകുന്നതിന് മുൻപായി ഇതിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ഗർഭിണികളെ പൂർണമായി പറഞ്ഞു മനസിലാക്കണം.
കഴിഞ്ഞ മാസം അവസാനം മുലയൂട്ടുന്ന അമ്മമാർക്ക് വാക്സിൻ സ്വീകരിക്കാൻ അനുമതി നൽകിയെങ്കിലും സുരക്ഷയെ കരുതി ഗർഭിണികൾക്ക് വാക്സിൻ സ്വീകരിക്കാൻ അനുമതി നൽകിയിരുന്നില്ല. വാക്സിനുകളെ പരീക്ഷണങ്ങളിൽ ഗർഭിണികളെ ഉൾപ്പെടുത്തിയിരുന്നുമില്ല. അതിനാൽ, തന്നെ മറ്റ പാർശ്വഫലങ്ങൾ എളുപ്പത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള വിഭാഗമായി കണ്ട് ഇവരെ മാറ്റി നിർത്തുകയായിരുന്നു.
ഗർഭിണികൾക്ക് വാക്സിൻ നൽകുന്നത് സുരക്ഷിതമാണെന്ന് തെളിഞ്ഞതായി ഐ.സി.എം.ആർ മേധാവി ഡോ. ബൽറാം ഭാർഗവ പറഞ്ഞിരുന്നു.അതേസമയം, കൊവിഷീൽഡ് പോലുള്ള വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുകയും മറ്റും ചെയ്ത സാഹചര്യത്തിൽ ഗർഭാവസ്ഥയിലുള്ള കുട്ടിയുടെ സുരക്ഷ സംബന്ധിച്ച് അമ്മമാരെ ബോധവത്ക്കരിക്കണമെന്ന് സമിതി നിർദേശിച്ചു.