കേരളം
മഴക്കാലപൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജന്
മഴക്കാലപൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജന്. മഴക്കാലത്തിനു മുന്നോടിയായി നടത്തേണ്ട ശുചീകരണം, ജലസ്രോതസ്സുകള്‍ വൃത്തിയാക്കല്‍, മാലിന്യ നിര്‍മ്മാര്‍ജനം, കൊതുകു നശീകരണം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, കടല്‍ ആക്രമണ മേഖലകളിലെ പ്രതിരോധം തുടങ്ങിയ കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ എത്രയും വേഗം വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കണെമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
കടല്‍ ആക്രമണമുള്ള പ്രദേശങ്ങളില്‍ അടിയന്തരമായി ജിയോ ബാഗുകള്‍ സ്ഥാപിക്കും. നിലവില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ജിയോ ബാഗുകള്‍ ജെ.സി.ബി ഉപയോഗിച്ച് പുന:സ്ഥാപിക്കും. പാതയോരങ്ങളില്‍ അപകടകരമായ നിലയില്‍ നില്ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റും, നീര്‍ച്ചാലുകള്‍, കനാലുകള്‍ എന്നിവ ശുചീകരിക്കും.
കടല്‍ ആക്രമണ മേഖലകളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനര്‍ഗേഹം പദ്ധതിയിലൂടെ വീടുകള്‍ ലഭ്യമാക്കും.കൃഷി നാശം സംഭവിക്കുന്ന സ്ഥലങ്ങളില്‍ വെള്ളം കയറാതെ ബണ്ടുകളുടെ ഉയരം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത പരിശോധിക്കും. നീര്‍ച്ചാലുകള്‍ നികത്തിയിട്ടുണ്ടെങ്കില്‍ അവ പരിശോധിച്ച് നീര്‍ച്ചാലുകളുടെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കും. വകുപ്പുകളും ഉദ്യോഗസ്ഥരും ഇതിനായി പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.