കേരളം
മുതിർന്ന മാധ്യമ പ്രവർത്തകൻ പ്രമോദ് രാമൻ മനോരമയുടെ പടിയിറങ്ങുന്നു; ഇനി മീഡിയ വണ്ണിൽ
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, മനോരമ ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററുമായ പ്രമോദ് രാമന്‍ മീഡിയ വണ്‍ ചാനലിന്റെ തലപ്പത്തേക്ക്. മനോരമ ന്യൂസില്‍ നിന്ന് രാജിവച്ച പ്രമോദ് രാമന്‍ മീഡിയ വണ്‍ എഡിറ്ററായി ചുമതലയേല്‍ക്കും.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മനോരമയുടെ മുഖമായി തിളങ്ങിയ മാധ്യമ പ്രവർത്തകനും അവതാരകനുമാണ് പ്രമോദ് രാമൻ. ഉറച്ച നിലപാടുകൾ തന്നെയാണ് മാധ്യമ ലോകത്ത് അദ്ദേഹത്തെ വേറിട്ട് നിറുത്തുന്നതും.
മലയാളത്തിലെ പുതുനിര കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ പ്രമോദ് രാമന്‍ കാസര്‍ഗോഡ് രാവണീശ്വരം സ്വദേശിയാണ്. കൊച്ചിയിലാണ് സ്ഥിരതാമസം. ഇന്ത്യയില്‍ ഒരു സാറ്റലൈറ്റ് ചാനലില്‍ ആദ്യമായി തല്‍സമയ വാര്‍ത്ത വായിച്ച മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് പ്രമോദ് രാമന്‍. ഏഷ്യാനെറ്റിന് വേണ്ടി 1995 സെപ്തംബര്‍ 30ന് ഫിലിപ്പൈന്‍സില്‍ നിന്നായിരുന്നു വാര്‍ത്താവതരണം.
കേരള പ്രസ് അക്കാദമിയില്‍ നിന്ന് 1989-1990 ബാച്ചില്‍ ജേണലിസം പൂര്‍ത്തിയാക്കിയ പ്രമോദ് രാമന്‍ ദേശാഭിമാനിയിലാണ് മാധ്യമപ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് സദ് വാര്‍ത്ത ദിനപത്രത്തിലും പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് ആരംഭിച്ചപ്പോള്‍ മുതല്‍ ചാനലിലെത്തി. 1995 സെപ്തംബര്‍ 30ന് ഫിലിപ്പൈന്‍സില്‍ നിന്നായിരുന്നു ഇന്ത്യയില്‍ സാറ്റലൈറ്റ് ചാനല്‍ വഴി ആദ്യ തല്‍സമയ വാര്‍ത്ത ഏഷ്യാനെറ്റിന് വേണ്ടി പ്രമോദ് രാമന്‍ അവതരിപ്പിച്ചത്.
മലയാളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എഡിറ്റോറിയല്‍ ടീമില്‍ പ്രമോദ് രാമന്‍ ഉണ്ടായിരുന്നു. പിന്നീടാണ് മനോരമ ന്യൂസിന്റെ ഭാഗമാകുന്നത്. മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌കാരത്തിന്റെ അവതരണ ചുമതല പ്രമോദ് രാമനായിരുന്നു. നിലവില്‍ പുലര്‍വേള എന്ന പ്രഭാത പരിപാടിയുടെ അവതാരകന്‍ കൂടിയാണ്
പുതുനിര എഴുത്തുകാരില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രചനകളുമാണ് പ്രമോദ് രാമന്റേത്. രതിമാതാവിന്റെ പുത്രന്‍, ഛേദാംശജീവിതം, നപുംസകരുടെ പത്ത് പടവുകള്‍ എന്നീ കഥകള്‍ പരമ്പരാഗത പ്രമേയ സ്വീകരണവും ആഖ്യാനശൈലിയും മറികടന്നുള്ളവയെന്ന നിലയില്‍ കൂടി ചര്‍ച്ചയായിരുന്നു. രതിമാതാവിന്റെ പുത്രന്‍, ദൃഷ്ടിച്ചാവേര്‍, മരണമാസ്, ബാബ്‌റി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു എന്നീ കഥാസമാഹാരങ്ങളും പ്രമോദ് രാമന്റേതായി പുറത്തുവന്നിട്ടുണ്ട്.
സുഹൃത്തുക്കളെ, പ്രഫഷണൽ ജീവിതത്തിൽ ഒരു മാറ്റം കൂടി. മനോരമ ന്യൂസിൽ നിന്ന് ഇറങ്ങുന്നു. ജൂലൈ1ന് മീഡിയ വൺ എഡിറ്റർ ആയി ജോയിൻ ചെയ്യും. എല്ലാവരും കൂടെയുണ്ടാകണം. എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. അദ്ദേഹത്തിന്റെ പുതിയ തീരുമാനത്തിന് ആശംസകളുമായി നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്. മനോരമ പോലെ ഒരു ചാനൽ വിടുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളും ഇക്കൂട്ടത്തിൽ ഉണ്ട്.
പോസ്റ്റ് കാണാം
മാതൃഭൂമി ന്യൂസിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് ഉണ്ണി ബാലകൃഷ്‌ണൻ രാജിവച്ചിരുന്നു. മീഡിയ വണ്ണില്‍ നിന്ന് രാജീവ് ദേവരാജ് മാതൃഭൂമി ന്യൂസിലേക്ക് പോകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പ്രമോദ് രാമന്റെ രാജി. ജൂലൈ ഒന്നിന് പ്രമോദ് രാമന്‍ മീഡിയ വണ്ണിൽ ചുമതലയേല്‍ക്കും.