കേരളം
തിരുവല്ലത്ത് കസ്റ്റഡി മരണം; സുരേഷിന്റെ പോസ്റ്റുമോർട്ടം ഇന്ന്
തിരുവല്ലം പൊലിസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും ഇന്ന് നടക്കും. ഇന്നലെ സബ് കളക്ടറുടെ മധ്യസ്ഥതയിൽ ചർച്ച നടന്നുവെങ്കിലും ഇൻക്വസ്റ്റ് നടന്നില്ല. ജനപ്രതിനിധികളും സുരേഷിന്റെ ബന്ധുക്കളും പങ്കെടുക്കാത്തതിനാലാണ് ഇൻക്വസ്റ്റ് നടത്താൻ കഴിയാത്തതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ജഡ്ജി കുന്നിലെത്തിയ ദമ്പതികളെ ആക്രമിച്ചതിനാണ് അഞ്ചുപേരെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിലെ ഒരു പ്രതിയായ സുരേഷാണ് ഇന്നലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് മർദനത്തിലാണ് മരണമെന്നാരോപച്ച് നാട്ടുകാർ രാത്രി വൈകിയും സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. സുരേഷിനൊപ്പം അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന ആവശ്യവു പൊലീസ് അംഗീകരിച്ചില്ല. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാണ്
തിരുവല്ലം ജഡ്ജിക്കുന്ന് സ്ഥലത്തെത്തിയ ദമ്പതികളെ ആക്രമിച്ച് പണം വാങ്ങുകയും സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ് സുരേഷ് അടക്കം അഞ്ചുപേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെയോടെ റിമാന്‍റ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് നെഞ്ചവേദന അനുഭവപ്പെടുന്നതായി സുരേഷ് പറഞ്ഞതെന്ന് പൊലീസ് വിശദീകരിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയിലും അനന്തപുരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുരേഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പൊലീസ് വിശദീകരിക്കുമ്പോഴും ലോക്കപ്പ് മര്‍ദനത്തെ തുടര്‍ന്നാണ് സുരേഷ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. കസ്റ്റഡിയില്‍ ഇരിക്കെയുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് യുവാവ് മരിച്ചെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍ ലോക്കപ്പ് മര്‍ദനമുണ്ടായെന്ന് ബന്ധുക്കളും ദൃക്‌സാക്ഷികളും പറയുന്നു. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത ഉടന്‍ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായ പൊതു സാഹചര്യത്തില്‍ ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് സുരേഷ് എന്ന യുവാവ് മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണം മുഖവിലയ്‌ക്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഗുണ്ടാ വിളായട്ടവും പൊലീസ് അതിക്രമങ്ങളും ജന ജീവിതത്തിന് വെല്ലുവിളിയായിട്ട് കാലങ്ങളായി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ പൊലീസ് സേന അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കസ്റ്റഡി മരണങ്ങളും പൊലീസ് അതിക്രമങ്ങളും വ്യാപകമാകുന്ന സ്ഥിതിയാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിട്ട് നാളേറെയായി. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന പ്രതിപക്ഷ ആവശ്യം ശരിയെന്നു തെളിയിക്കുന്ന സംഭവങ്ങളാണ് ഓരോ മണിക്കൂറിലും നടക്കുന്നതെന്നും വിഡി സതീശൻ വിമർശിച്ചു.