കേരളം
സന്ദീപ് വാര്യരും ഐഷയും തമ്മിൽ പോസ്റ്റ് പോര്, വിഷയം മദ്യം
ലക്ഷദ്വീപിൽ മദ്യം ലഭ്യമാക്കണോ എന്ന വിഷയത്തിൽ ബിജെപി നേതാവ് സന്ദീപ് വാര്യരും ദ്വീപിൽ നിന്നുള്ള സംവിധായിക ഐഷ സുല്‍ത്താനയും തമ്മില്‍ തര്‍ക്കം. ലക്ഷദ്വീപിലേക്ക് മദ്യം ആവശ്യമില്ല എന്നാണ് ജനങ്ങളുടെ അഭിപ്രായമെന്ന് ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മദ്യം പൂർണ്ണ നിരോധനമുള്ള സ്ഥലമാണ് ഗുജറാത്ത് അല്ലേ, അതേപോലെ മദ്യം പൂർണ്ണ നിരോധനമുള്ള മറ്റൊരു സ്ഥലമാണ് ലക്ഷദ്വീപ് എന്നായിരുന്ന ഐഷയുടെ പ്രതികരണം.
ഗുജറാത്തിൽ നടപ്പാക്കാതിരിക്കുന്ന മദ്യ വില്‍പ്പന ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിന്‍റെ കാരണം എന്താണെന്നും ഐഷ ചോദിച്ചു. ഈ പോസ്റ്റിനോട് പ്രതികരിച്ച് സന്ദീപ് വാര്യര്‍ രംഗത്ത് വരികയായിരുന്നു. ഗുജറാത്തിൽ മദ്യവിൽപ്പന നിരോധിക്കപ്പെട്ടതിന് മതമല്ല കാരണം ഐഷേ, അത് ഗാന്ധിജിയുടെ ജന്മനാട് ആയതുകൊണ്ടുള്ള ആദരവിനാലാണ് എന്നാണ് സന്ദീപ് വാര്യര്‍ പ്രതികരിച്ചത്. ലക്ഷദ്വീപ് അനന്തമായ ടൂറിസം സാധ്യതയുള്ള ഇന്ത്യയുടെ ഭാഗമായ ഒരു സ്ഥലമാണ്.
അവിടെ മദ്യനിരോധനമുള്ളതിന് ഒരു ന്യായീകരണവുമില്ല. മത നിയമമൊന്നും അവിടെ നടപ്പിലാക്കാൻ കഴിയില്ലെന്നും സന്ദീപ് പറഞ്ഞു. റിസോർട്ടുകളിലും ഹോട്ടലുകളിലും വിനോദസഞ്ചാരികൾക്ക് മദ്യം ലഭ്യമാക്കിയാൽ എന്താണ് കുഴപ്പമെന്നും സന്ദീപ് ചോദിച്ചു. ഇതിന് വീണ്ടും ഐഷ സുല്‍ത്താന മറപടി നൽകി. ഗാന്ധിജിയോടുള്ള ആദരവ് കൊണ്ടാണ് ഗുജറാത്ത് പൂർണ്ണ മദ്യ നിരോധന സ്ഥലമായതെന്നുള്ള സന്ദീപിന്‍റെ മറുപടിക്ക് ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രുപാനിയുടെ വാക്കുകള്‍ കടമെടുത്താണ് ഐഷ പ്രതികരിച്ചത്.
മദ്യ നിരോധനത്തിന് നന്ദി, ഗുജറാത്തിലെ സ്ത്രീകള്‍ സുരക്ഷിതരാണെന്നാണ് വിജയ് രൂപാനി പറഞ്ഞുവെന്നാണ് ഐഷയുടെ പോസ്റ്റ്. അതിന്‍റെ അർത്ഥം സ്ത്രീ സുരക്ഷയെ മുന്നിൽ കണ്ട് കൊണ്ടും ക്രിമിനൽസിനെ ഇല്ലായ്മ ചെയ്യാനുമൊക്കെ കൊണ്ടാണ് ഗുജറാത്തിൽ മദ്യം നിരോധിച്ചത് എന്ന് തന്നെയല്ലേ എന്ന് ഐഷ ചോദിച്ചു. കൂടാതെ, ഗാന്ധിജിയെ ചെറുതായിയൊന്ന് വെടിവെച്ച് കൊന്നത് ആരാണ് സന്ദീപ് ജി എന്ന് മറ്റൊരു പോസ്റ്റിലൂടെ ഐഷ ചോദിച്ചു. മറ്റു സംസ്ഥാനങ്ങളെപ്പറ്റി ഇത്ര ബേജാറാണെങ്കിൽ തൽക്കാലം മണിപ്പൂരിലും ഹരിയാനയിലും പോകുവെന്നും ലക്ഷദ്വീപ് ഞങ്ങൾ നോക്കിക്കോളാമെന്നും ഐഷ ഫേസ്ബുക്കിൽ കുറിച്ചു.