കേരളം
തലസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യത: ജാഗ്രതാ നിർദേശം
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന റഡാർ ചിത്രങ്ങൾ പ്രകാരം തിരുവനന്തപുരം ജില്ലയിൽ ഇന്നു രാത്രി കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.തീരപ്രദേശങ്ങളിലുള്ളവരും ഡാമുകളുടെ വൃഷ്ടി പ്രദേശത്തു താമസിക്കുന്നവരും ജാഗ്രത പുലർത്തണം. മലയോര പ്രദേശങ്ങളിൽ നിലവിൽ മഴയ്ക്കുള്ള സാധ്യത കുറവാണെങ്കിലും ജാഗ്രതവേണമെന്നും കളക്ടർ അറിയിച്ചു.
അതേസമയം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 31ന് കേരളത്തിലെത്താന്‍ സാധ്യത. ഇപ്പോൾ ആന്‍ഡമന്‍ നിക്കോബാര്‍ ദ്വീപിലെത്തിയ മണ്‍സൂണ്‍, വൈകാതെ കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച പുതിയ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ മഴ ശക്തമാകും. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നാളെ രാവിലെയോടെ ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത. ഇത് വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് മേയ് 24-ഓടെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായും തുടർന്ന് അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായും മാറാൻ സാധ്യത.
തുടർന്ന് വടക്ക്– വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മേയ് 26ന് രാവിലെ ബംഗാളിനും വടക്കൻ ഒഡിഷ തീരത്തിനുമിടയിൽ എത്തിച്ചേർന്നു മേയ് 26ന് വൈകുന്നേരത്തോടെ ബംഗാളിനും ഒഡിഷയുടെ വടക്കൻ തീരത്തിനുമിടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഈ ന്യൂനമര്‍ദമാണ് പിന്നീട് യാസ് ചുഴലിക്കാറ്റാകുന്നത്. ശനിയാഴ്ച മുതല്‍ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ കൂടും. തിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ടു ജില്ലകളിലും യെലോ അലർട്ട് നല്‍കിയിട്ടുണ്ട്.
22 മുതല്‍ മെയ് 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30- 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 22 മുതൽ മേയ് 24 വരെ തെക്കു കിഴക്കൻ – മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിലും, ആൻഡമാൻ-നിക്കോബാർ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും മൽസ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാൻ നിർദേശം നൽകേണ്ടതാണെന്നും അറിയിച്ചു.