ദേശീയം
തെക്കന്‍ കേരളത്തില്‍ ഇന്നും നാളെയും ഇടിമിന്നോട് കൂടിയ ശക്തമായ മഴ, ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഇന്നും നാളെയും തെക്കന്‍ കനത്തമഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ഒറ്റപ്പെട്ടയിടങ്ങളില്‍ 30 – 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘യാസ്’ തീവ്രചുഴലിക്കാറ്റായി മാറിയിരിക്കുകയാണ്. ബുധനാഴ്ച രാത്രിയോടെ ഒഡീഷ തീരംവഴി കരയിലെത്തുമെന്നാണ് പ്രവചനം. ഒഡീഷ, ബംഗാള്‍ തീരങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്നും നാളെയും കേരളത്തില്‍ പരക്കെ മഴ ലഭിച്ചേക്കും. ഒഡീഷ, ബംഗാള്‍ , ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാരുമായും ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണറുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.
ഒഡീഷയിലെ ബാലസോറിന് സമീപം ബുധനാഴ്ച രാത്രി പത്തുമണിയോടെ അതിതീവ്ര ചുഴലിക്കാറ്റായി യാസ് തീരം തൊടുമെന്നാണു മുന്നറിയിപ്പ്. മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗതയാണു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കരയിൽ കയറിയതിനുശേഷം ബിഹാറും കടന്നു റാഞ്ചി ലക്ഷ്യമാക്കി നീങ്ങി പുതുക്കെ ശക്തി കുറയും. ഒഡീഷയോട് അതീവ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.