കേരളം
പോപ്പുലർ ഫ്രണ്ട് നിരോധനം: സംസ്ഥാന സാഹചര്യം മുഖ്യമന്ത്രി, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്തെ സാഹചര്യം മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. ഡിജിപി അനിൽ കാന്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങൾക്കും ഇന്റലിജൻസ് വിഭാഗം ജാഗ്രതാ നിർദേശവും നല്‍കിയിട്ടുണ്ട്. എന്നാൽ നിലവിൽ
സംസ്ഥാനത്തെ ക്രമസമാധാന നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചത്. നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്.
പിഎഫ്ഐ നിരോധനത്തിന് പിന്നാലെ സംസ്ഥാനങ്ങളോട് തുടർ നടപടിക്ക് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. നിരോധന വിജ്ഞാപനത്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും നടപടിക്ക് നിർദേശം നല്‍കിയത്. നിരോധിച്ച 9 സംഘടനകളുടെയും ഓഫീസുകൾ പൂട്ടി മുദ്രവയ്ക്കാനും സാമ്പത്തിക സ്രോതസ്സുകൾ കണ്ടുകെട്ടാനുമാണ് നിർദേശം. കേന്ദ്ര ആഭ്യന്തര സെക്രട്ടരിയാണ് സംസ്ഥാനങ്ങൾക്കും ജില്ലാ കളക്ടർമാർക്കും നിർദേശം നല്‍കിയത്.
പോപ്പുലർ ഫ്രണ്ട് അടക്കം നിരോധിച്ച സംഘടനകൾ നിയമവിരുദ്ദ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചെന്ന് കണ്ടെത്തിയ ഓഫീസുകളുടെയും മറ്റ് വസ്തുവകകളുടെയും പട്ടിക കളക്ടർ തയ്യാറാക്കി മുദ്രവയ്ക്കും. ഇവ തുടർന്ന് ഉപയോഗിക്കാന്‍ അനുവദിക്കില്ല. എല്ലാ തരത്തിലുള്ള പ്രചാരണ പരിപാടികളും നിരോധിക്കും. കളക്ടറുടെ അനുമതി കൂടാതെ കണ്ടുകെട്ടിയ കെട്ടിടങ്ങളില്‍ പ്രവേശിച്ചാല്‍ അറസ്റ്റടക്കമുള്ള നടപടികളുണ്ടാകും.
സംഘടനയുടെ ചുമതലയിലുള്ള കൂടുതല്‍പേരുടെ അറസ്റ്റും വൈകാതെയുണ്ടാകും. പേരുമാറ്റിയോ മറ്റേതെങ്കിലും തരത്തിലോ പ്രവർത്തനം തുടരുന്നുണ്ടോയെന്നും നിരീക്ഷിക്കും. സംസ്ഥാന പൊലീസുമായി ചേർന്നാണ് നടപടികൾ സ്വീകരിക്കുക. നിരോധിക്കപ്പെട്ട സംഘടനയില്‍നിന്നും നേരത്തെ ഭീഷണിയുള്ളവർക്ക് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ ദില്ലി ഷഹീന്‍ബാഗിലെ ഓഫീസ് പരിസരത്ത് ഡ്രോണുപയോഗിച്ചുള്ള നിരീക്ഷണം തുടങ്ങി. ഉത്തർ പ്രദേശ്, അസം, കൊല്‍ക്കത്ത തുടങ്ങിയ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ടിന് സ്വാധീനമുള്ള മേഖലകളില്‍ കേന്ദ്രസേനകളയെടക്കം വിന്യസിച്ചു.