കേരളം
പോലീസുകാരുടെ മാനസിക സമ്മര്‍ദം; 6000 ഓളം പേർ കൗണ്‍സിലിംഗ് തേടിയെന്ന് HATS
ജോലിയുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി രൂപീകരിച്ചിരിക്കുന്ന ഒരു പദ്ധതിയാണ് ഹാറ്റ്സ് (HAT- Help and Assistance To combat Stress in police officers). ഇപ്പോഴിതാ കഴിഞ്ഞ 7 വര്‍ഷത്തിനിടെ പോലീസ് കുടുംബത്തിലെ 6000 ഓളം പേർ ഹാറ്റ്സിൽ സൈക്കോളജിക്കൽ കൗൺസിലിങ്ങിന് വിധേയരായതായി റിപ്പോർട്ട്. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി കൗണ്‍സലിംഗ് നല്‍കുന്നതിന് 2017 ലായിരുന്നു ‘ഹാറ്റ്‌സ്’ എന്ന പദ്ധതി ആവിഷ്‌ക്കരിച്ചത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 88 പോലീസുകാർ ആത്മഹത്യ ചെയ്തു എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന ജോലി സംബന്ധമായ സമ്മർദ്ദം ഏറെ ചർച്ചാവിഷയമായിരിക്കുന്നത്. പോലീസ് സേനയിലെ പുരുഷ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും മദ്യപാനം, കുടുംബപ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഹാറ്റ്സിന്റെ സേവനം തേടിയതായി പോലീസ് വൃത്തങ്ങൾ പറയുന്നു.
വനിതാ പോലീസ് ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ കൗണ്‍സിലിംഗ് തേടിയെത്തുന്നവരില്‍ ഭൂരിഭാഗം ആളുകളും 30 നും 45 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരായിരുന്നു എന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
“വിവാഹിതരായ പോലീസുകാരാണ് ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദം നേരിടുന്നത്. 30 വയസ്സ് പിന്നിടുമ്പോൾ അവരുടെ കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. അവരുടെ പ്രൊഫഷണൽ ജീവിതത്തിൻ്റെയും വ്യക്തിപരമായ കാര്യങ്ങളുടെയും ഭാരം ഓരോരുത്തരെയും ബാധിക്കുന്നു. നിലവിൽ ഓഫ്ലൈനായും ഓൺലൈൻ ആയും ഞങ്ങള്‍ അവര്‍ക്ക് സേവനം നല്‍കിവരുന്നു,” വൃത്തങ്ങൾ കൂട്ടിച്ചേർത്തു
തിരുവനന്തപുരം പേരൂർക്കടയിലെ പ്രത്യേക സായുധ പോലീസ് ക്യാമ്പിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രീകൃത യൂണിറ്റാണ് ഹാറ്റ്സ്. അവിടെ ഒരു പുരുഷ സൈക്കോളജിസ്റ്റിന്റെയും ഒരു വനിതാ കൗൺസിലറുടെയും സേവനം ലഭ്യമാണ്. പോലീസുകാർക്ക് കൗൺസിലിംഗ് ആവശ്യമുള്ള സാഹചര്യങ്ങളിൽ അത് നൽകുകയും ചികിത്സയുടെ ഭാഗമായി അവരുടെ വ്യക്തിപരമായ കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്യും.
കൂടാതെ മരുന്നുകൾ ആവശ്യമുള്ള സന്ദർഭങ്ങളിൽ മാനസികരോഗ വിദഗ്ധരുടെ സേവനം ലഭ്യമാകുന്ന ആശുപത്രികളിലേക്കും പോലീസുകാരെ അയയ്ക്കും. ജോലി സംബന്ധമായ സമ്മർദ്ദമാണ് പോലീസുകാരുടെ മാനസിക സംഘർഷങ്ങളിൽ ഏറ്റവും പ്രധാന ഘടകം എന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.