കേരളം
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്ഥിരം കുറ്റവാളി; കാപ്പ ചുമത്താന്‍ നിര്‍ദേശം
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ്. ഫര്‍സീന്‍ സ്ഥിരം കുറ്റവാളിയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഡിഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ ഫര്‍സീന്‍ മജീദിന്റെ പേരില്‍ 15 കേസുകള്‍ ഉണ്ടെന്നും ഇതില്‍ നാലിലധികം കേസുകള്‍ കാപ്പയുടെ പരിധിയില്‍ വരുന്നതാണെന്നും പൊലീസ് പറയുന്നു. ഇയാള്‍ കണ്ണൂരില്‍ തുടരുന്നത് ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകും. ഈ സാഹചര്യത്തില്‍ ഫര്‍സീനെ ജില്ലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന റിപ്പോര്‍ട്ടാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഡിഐജി രാഹുല്‍ ആര്‍ നായര്‍ക്ക് നല്‍കിയത്.
ഇത് സംബന്ധിച്ചുള്ള കാരണം കാണിക്കല്‍ നോട്ടീസ് ഫര്‍സീന്‍ മജീദിന് നല്‍കിയതായി പൊലീസ് പറഞ്ഞു. ഫര്‍സീന്റെ മറുപടി ലഭിച്ച ശേഷമായിരിക്കും ഉത്തരവ് ഇറക്കുക. അതേസമയം നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഡിഐജിയുടെ മുന്‍പില്‍ ഹാജരാകാന്‍ നിര്‍ദേശം ലഭിച്ചതായും ഫര്‍സീന്‍ പറഞ്ഞു. കാപ്പ ചുമത്താനുളള തീരുമാനത്തെ നിയമപരമായി നേരിടുമെന്നും ഫര്‍സീന്‍ പറഞ്ഞു.