കേരളം
വിനായകന്റെ ഫ്‌ളാറ്റില്‍ പോലീസ് പരിശോധന; ഫ്ളാറ്റ് അക്രമിച്ചതില്‍ പരാതിയില്ലെന്ന് നടൻ
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകന്റെ ഫ്‌ളാറ്റില്‍ പോലീസിന്റെ പരിശോധന. പോലീസ് വിനായകന്റെ ഫോണ്‍ പിടിച്ചെടുത്തു. വിനായകനെ പോലീസ് ചോദ്യംചെയ്യുകയും ചെയ്തിട്ടുണ്ട്.കലൂരിലുള്ള വിനായകന്റെ ഫ്‌ളാറ്റിലാണ് എറണാകളം നോര്‍ത്ത് സിഐ അടക്കമുള്ള പോലീസുകാരെത്തി പരിശോധന നടത്തിയത്. ഉമ്മന്‍ചാണ്ടിക്കെതിരായ വീഡിയോ പുറത്തുവിട്ട ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിനായകനെ ചോദ്യംചെയ്യുകയും ചെയ്തിട്ടുണ്ട്.
തന്റെ ഫ്‌ളാറ്റിനു നേര്‍ക്ക് ആക്രമണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി വിനായകന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് ചോദ്യംചെയ്യലില്‍, ഇക്കാര്യത്തില്‍ തനിക്ക് പരാതിയില്ലെന്ന് വിനായകന്‍ പോലീസിനെ അറിയിച്ചു. ഉമ്മന്‍ചാണ്ടിയുടെ കുടുംബം തന്നോട് ക്ഷമിച്ചതുപോലെ തന്റെ വീട് ആക്രമിച്ചവരോട് താനും ക്ഷമിച്ചതായും വിനായകന്‍ പോലീസിനോട് പറഞ്ഞു.
കേസില്‍ കഴിഞ്ഞദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്‍ സ്റ്റേഷനില്‍ എത്തിയിരുന്നില്ല. ആശുപത്രിയിലായതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നായിരുന്നു വിനായകന്റെ വിശദീകരണം. തുടര്‍ന്ന് മൂന്നുദിവസത്തിനുള്ളില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടയിലാണ് പോലീസ് വിനായകന്റെ വീട്ടില്‍ പരിശോധന നടത്തിയത്.
വിനായകനോട് ക്ഷമിച്ചതായും കേസെടുക്കേണ്ടതില്ലെന്നും ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.