കേരളം
പന്തീരങ്കാവ്: കസ്റ്റഡിയിലെടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു
പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ കസ്റ്റഡിയിലെടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു. വീട്ടുകാർക്കൊപ്പം പോകാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചതിനു പിന്നാലെയാണ് വിമാനത്താവളത്തിലേക്ക് തിരിച്ചുകൊണ്ടുവിട്ടത്. തുടർന്ന് യുവതി ഡൽഹിയിലേക്ക് മടങ്ങി.
ഇന്നലെ രാത്രി വിമാനത്താവളത്തിലെത്തിയ യുവതിയെ അപ്പോൾ തന്നെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയിരുന്നു. അച്ഛനും സഹോദരനും വന്നെങ്കിലും അവർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് പറഞ്ഞു. ഡൽഹിക്ക് തിരിച്ചു പോകണമെന്ന് അറിയിച്ചതിനെ തുടർന്നാണ് കൊണ്ടുവിട്ടത്.
യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. തുടർന്ന് വടക്കേക്കര പൊലീസിന്റെ മൂന്നംഗ സംഘമാണ് ഡൽഹിയിൽ നിന്ന് യുവതിയെ കണ്ടെത്തിയത് എന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ രാത്രി 8.30നു വിമാനമാർഗം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച യുവതിയെ കസ്റ്റഡിയിലെടുത്ത് വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയും തുടർന്ന് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.
യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശങ്ങൾ പിന്തുടർന്നാണു പൊലീസ് ഡൽഹിയിൽ യുവതി താമസിച്ച സ്ഥലം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ ഡൽഹിയിൽ നിന്നു കഠ്മണ്ഡുവിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നു യുവതിയെന്നാണു പൊലീസ് നൽകുന്ന വിവരം.
താൻ കുടുക്കിൽപെട്ടിരിക്കുകയാണെന്നും തന്നെ കാണാനില്ലെന്ന പരാതി പിൻവലിക്കണമെന്നും ബുധനാഴ്ച അമ്മയെ വാട്സാപ് കോൾ വിളിച്ച് യുവതി ആവശ്യപ്പെട്ടിരുന്നു. പരാതി പിൻവലിക്കില്ലെന്ന് അമ്മ ഉറപ്പിച്ചു പറഞ്ഞതോടെ യുവതി കോൾ കട്ട് ചെയ്തു. ഇക്കാര്യവും ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു. ഈ കോൾ വിവരങ്ങളും പൊലീസിനു യുവതിയെ കണ്ടെത്താൻ സഹായകമായി.