Uncategorized
രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു
കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെ സസ്പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവും ഇറങ്ങി. ഇന്നലെ രാത്രിയോടെ തന്നെ ശരത് ലാലിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു.
ഗാര്‍ഹിക പീഡന പരാതിക്ക് പിന്നാലെ പൊലീസ് അന്വേഷണത്തിലെ നിര്‍ണായക വിവരങ്ങളും ശരത് ലാല്‍ ചോര്‍ത്തി നല്കി. പൊലീസിന്റെ കണ്ണില്‍ പെടാതെ ചെക്ക് പോസ്റ്റ് കടക്കണം എന്നും നിര്‍ദ്ദേശിച്ചു. ശരത് ലാലിന്റെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജേഷിന്റെ അടുത്ത സുഹൃത്തു കൂടിയാണ് ശരത് ലാല്‍ എന്ന പൊലീസുകാരന്. രാഹുലും രാജേഷും ബംഗളൂരുവിലേക്ക് പോകുന്ന വഴിക്ക് ഇയാളുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
മേയ് അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ രാഹുല്‍ പി ഗോപാലും (29) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്. രാഹുല്‍ ജര്‍മനിയില്‍ എന്‍ജിനീയറും യുവതി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്.
വിവാഹാനന്തരച്ചടങ്ങായ അടുക്കള കാണലിന് ഞായറാഴ്ച യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദനമേറ്റ പാടുകള്‍ കണ്ടത്. അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. ഞായറാഴ്ച തന്നെ യുവതിയെ ബന്ധുക്കള്‍ പറവൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.