കേരളം
ലോ കോളേജിൽ കെഎസ്യു വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്
തിരുവനന്തപുരം ലോ കോളജിൽ കെഎസ്യു വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്. പൊലീസ് നടപടി വൈകിയാൽ മന്ത്രിമാരെ വഴിയിൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. എന്നാൽ പെണ്‍കുട്ടികളെ കവചമാക്കി കെഎസ്യുവാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എസ്എഫ്ഐ ആരോപിച്ചു.
യൂണിയൻ ഉദ്ഘാടന ദിവസം രാത്രിയിലാണ് എസ്എഫ്ഐ- കെഎസ്യു പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ കെഎസ്യു യൂണിറ്റ് പ്രസിഡൻ്റ് സഫ്നയെ നിലത്തിട്ട് വലിച്ചിഴച്ചു. വർഷങ്ങള്‍ക്ക് ശേഷം കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് കെഎസ്യുവിൻെറ മേഘ സുരേഷ് ജയിച്ച ശേഷം കോളേജിൽ സംഘർഷം നിലനിൽക്കുകയായിരുന്നു. സംഘർഷത്തിൽ ഇരുകൂട്ടരുടെയും പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു.
കെഎസ്യുവിൻെറ പരാതിയിൽ 12 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എസ്എഫ്ഐയുടെ പരാതിയിൽ എട്ട് പേർക്കെതിരെയും കേസെടുത്തു. പക്ഷെ ഇതേവരെ പൊലീസ് ആറെയും അറസ്റ്റ് ചെയ്തില്ല. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത് എന്നാണ് കെഎസ്യുവിന്റെ ആരോപണം.
സഫ്നയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വകുപ്പിൽ മാറ്റം വരുത്തിയെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഇതേ വരെ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് കെഎസ്യു ആരോപിക്കുന്നു. കോളേജിലെ സംഘർഷത്തിന് ശേഷം കെഎസ്യു പ്രവർത്തകർ താമസിക്കുന്ന വീട്ടിൽ കയറിയും എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചിരുന്നു.അതേസമയം ബോധപൂർവ്വം വാർത്ത സൃഷ്ടിക്കാൻ കെഎസ്യുവാണ് ആക്രണമം നടത്തിയതെന്നാരോപിച്ച് എസ്എഫ്ഐ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി.