കേരളം
നമ്പർ 18 പോക്സോ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്
നമ്പർ 18 പോക്സോ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. സുപ്രിം കോടതി വരെ മുൻകൂർ ജാമ്യം നിഷേധിച്ച പ്രതികൾക്കാണ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. പോക്സോ കേസ് പ്രതികളായ റോയി വയലാട്ടിന്‍റേയും സൈജു തങ്കച്ചന്‍റേയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസ് കോടതിയെ സമീപിച്ചത്.
നമ്പര്‍ 18 പോക്‌സോ കേസിലെ പരാതിക്കാരിക്കെതിരെ കോഴിക്കോട് മജിസ്ട്രേറ്റിന് കഴിഞ്ഞ ദിവസം ഊമക്കത്ത് ലഭിച്ചിരുന്നു. പരാതിക്കാരിയും ഭർത്താവും ചേർന്ന് വയനാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഊമക്കത്തിൽ പറയുന്നത്. കോഴിക്കോട് മജിസ്ട്രേറ്റ് മേൽവിലാസമില്ലാത്ത കത്ത് പന്തീരങ്കാവ് പൊലീസിന് കൈമാറിയിട്ടുണ്ട്. പന്തീരങ്കാവ് പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുക്കുകയാണ്. ഇത് ഭീഷണിയുടെ സ്വരത്തിലുള്ള വ്യാജ പരാതിയാണെന്നാണ് പോക്‌സോ കേസിലെ പരാതിക്കാരി പറയുന്നത്.
പോക്‌സോ കേസ് മൂന്നാം പ്രതി അഞ്ജലി റിമാദേവ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ആറ് പേരുടെ ഗൂഢാലോചനയിൽ ഉണ്ടായതാണ് ഇപ്പോഴത്തെ പോക്സോ കേസെന്നാണ് അവർ പറയുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച് പരാതിക്കാരി ഉൾപ്പടെ കള്ളപ്പണ ഇടപാട് നടത്തിയിരുന്നു. ഇതിന്റെ ഇടനിലക്കാരിയാണ് ഈ കേസിലെ പരാതിക്കാരിയായ യുവതി. താൻ ഇക്കാര്യം പുറത്ത് പറയുമോയെന്ന ഭയമാണ് പരാതിക്കാരിക്ക്. ഇതിന്റെ ഭാഗമായാണ് തനിക്കെതിരെ പരാതി ഉയർത്തുന്നത്. തന്നെ കുടുക്കിയത് പരാതിക്കാരിയായ വ്ലോഗറും എം.എൽ.എയുടെ ഭാര്യയും ചേർന്നാണെന്നും അഞ്ജലി പറയുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലാണ് രണ്ടാംഘട്ട ചോദ്യം ചെയ്യൽ നടന്നത്.
അഞ്ജലി റിമാ ദേവ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം മുൻപ് വെളിപ്പെടുത്തിയിരുന്നു. അഞ്ജലിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കേസില്‍ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. നമ്പര്‍ 18 പോക്‌സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനും സുഹൃത്ത് സൈജു തങ്കച്ചനുമാണ് ഒന്നും രണ്ടും പ്രതികള്‍.