കേരളം
കടകൾ രാത്രി 10നു ശേഷം തുറക്കരുതെന്ന് പൊലീസ് അനൗൺസ്മെന്റ്, നടപടികൾ ശക്തമാക്കാൻ അധികൃതർ
കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ നടപടികൾ ശക്തമാക്കാൻ അധികൃതർ. പ്രതിരോധ നടപടികൾ ഊർജിതമാക്കാനും രോഗവ്യാപന തോത് കുറയ്ക്കുന്നതിനും നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ പുതിയ 2 കോവിഡ് ഹോട്സ്പോട്ടുകളിലൊന്ന് ജില്ലയിലെ കൊളച്ചേരി(കണ്ടെയ്ൻമെന്റ് സബ് വാർഡ് 14,17)യാണ്.
ജില്ലയുടെ വിവിധ മേഖലകളിൽ പൊലീസ് പരിശോധനകൾ നടത്തി. തിരക്കുള്ള സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാൻ ഉച്ചഭാഷിണി അറിയിപ്പും നൽകി. മാസ്കില്ലാത്തവരിൽ നിന്നു പിഴ ഈടാക്കി. ശരിയായി ധരിക്കാത്തവരെയും താക്കീതു ചെയ്തു. ഇവരുടെ വിലാസം ശേഖരിച്ചു. ഇനി ആവർത്തിച്ചാൽ പിഴ ഈടാക്കുമെന്നും പൊലീസ് അറിയിച്ചു.
കണ്ണൂർ നഗരത്തിൽ മാത്രം 15 പൊലീസുകാരെ അധികമായി ചുമതലപ്പെടുത്തി. എആർ ക്യാംപിലെയും കെഎപി(4) ബറ്റാലിയനിലെ ജീവനക്കാരെയും അധിക ഡ്യൂട്ടിക്കു നിയോഗിക്കും. ക്വാറന്റീൻ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കിയ സമയത്തെ പൊലീസ് പരിശോധന തിരിച്ചു വരാനും സാധ്യതയുണ്ട്. കൂട്ടം ചേരുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്നാണ് പൊലീസ് പറയുന്നത്.
ചടങ്ങുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. ഇത് ആ മേഖലയിലെ സെക്ടറൽ മജിസ്ട്രേട്ടുമാർ ഉറപ്പാക്കണം. വിവാഹം, ചരമം, ആഘോഷങ്ങൾ തുടങ്ങിയ ചടങ്ങുകളിൽ ഇളവുകൾ വന്ന ശേഷം വലിയ ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിനിടെ ചില മേഖലകളിൽ കടകൾ രാത്രി 10നു ശേഷം തുറക്കരുതെന്ന് പൊലീസ് അനൗൺസ്മന്റിലൂടെ നിർദേശിച്ചു.