കേരളം
അടിയന്തിരഘട്ടങ്ങളില്‍ രക്തലഭ്യതയ്ക്ക് പോല്‍-ആപ്പില്‍ പുതിയ സംവിധാനം
അടിയന്തിരഘട്ടങ്ങളില്‍ രക്തലഭ്യത ഉറപ്പുവരുത്തുന്നതിന് കേരളാ പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി. പോല്‍-ബ്ലഡ് എന്ന ഈ സംവിധാനത്തിന്റെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിച്ചു.
രക്തം ദാനം ചെയ്യാന്‍ താല്പര്യമുളളവര്ക്ക് പോല്‍-ആപ്പ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്കി പേര് രജിസ്റ്റര്‍ ചെയ്യാം. രക്തം ആവശ്യമുളളവരും ബ്ലഡ്ഗ്രൂപ്പ്, യൂണിറ്റ്, ആശുപത്രി, ബ്ലഡ്ബാങ്ക്, തീയതി എന്നീ വിവരങ്ങള്‍ നല്കി പോല്‍-ബ്ലഡില്‍ രജിസ്റ്റര്‍ ചെയ്യണം.
രക്തം ആവശ്യപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്നവരെ പൊലീസ് ബന്ധപ്പെട്ട് രക്തലഭ്യത ഉറപ്പാക്കും. രക്തദാതാവിനെയും സ്വീകര്‍ത്താവിനെയും ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമായാണ് പോല്‍-ആപ്പ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ പോല്‍-ആപ്പ് കണ്ട്രോള് റൂമാണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്.
സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. രാജ്യത്ത് ആദ്യമായാണ് ഒരു പൊലീസ് സേന രക്തദാനത്തിനായി ഔദ്യോഗിക മൊബൈല്‍ ആപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്.