കേരളം
വിഷം കഴിച്ച് ദൃശ്യങ്ങള്‍ വാട്‌സ് ആപ്പില്‍ അയച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മരണം; യുവാവ് പിടിയിൽ
തിരുവനന്തപുരം കിളിമാനൂരില്‍ വിഷം കഴിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി നാലു ദിവസത്തിന് ശേഷം മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പോങ്ങനാട് സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് ജിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയത്തില്‍ നിന്നും യുവാവ് പിന്മാറിയതിലുള്ള നൈരാശ്യമാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.
ബുധനാഴ്ചയാണ് കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വി എസ് മന്‍സിലില്‍ എ ഷാജഹാന്‍-സബീനബീവി ദമ്പതികളുടെ മകള്‍ അല്‍ഫിയ(17) മരിച്ചത്. എലിവിഷം ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു തവണ വിഷം കഴിച്ചതായാണ് സൂചന. വിഷം കഴിച്ചു ജീവനൊടുക്കുന്നതായി ചിത്രം അടക്കം വാട്‌സാപ് സന്ദേശം പെണ്‍കുട്ടി ആംബുലന്‍സ് ഡ്രൈവറായ കാമുകന്‍ ജിഷ്ണുവിന് അയച്ചുകൊടുത്തിരുന്നു.
ഞായറാഴ്ചയാണ് പെണ്‍കുട്ടി വിഷം കഴിച്ചത്. അയച്ച സന്ദേശം അന്നുതന്നെ സുഹൃത്ത് കണ്ടിരുന്നു. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചില്ല. ഛര്‍ദിയും ക്ഷീണവും കാരണം അല്‍ഫിയയെ നാല് ആശുപത്രികളില്‍ കൊണ്ടുപോയിരുന്നു. എന്നാല്‍ വിഷം ഉള്ളിലെത്തിയ വിവരം അറിയാതെയായിരുന്നു ചികിത്സ. ബുധനാഴ്ച അവശനിലയില്‍ ആറ്റിങ്ങല്‍ വലിയകുന്ന് ഗവ ആശുപത്രിയിലെത്തിച്ചപ്പോള്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചു.
മെഡിക്കല്‍ കോളജില്‍ എത്തിച്ചതിന് ശേഷം അല്‍ഫിയയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വാട്‌സ് ആപ്പില്‍ സന്ദേശം കാണുന്നത്. അന്നു പുലര്‍ച്ചെ രണ്ടുമണിയോടെ അല്‍ഫിയ മരിച്ചു. പെണ്‍കുട്ടി കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ 17 ദിവസം ചികിത്സയില്‍ കഴിയുമ്പോള്‍ പരിചയത്തിലായ ആംബുലന്‍സ് ഡ്രൈവറായിരുന്നു ജിഷ്ണു. ആ പരിചയം പ്രണയത്തിലാകുകയായിരുന്നു. ഇരുവരും തമ്മില്‍ കൈമാറിയ സന്ദേശങ്ങളും പൊലീസ് കണ്ടെടുത്തു.