കേരളം
ബാഗിൽ മിഠായി കുപ്പികളിലൊളിപ്പിച്ച് കഞ്ചാവ്, തിരുവനന്തപുരത്ത് പ്ലസ്‌ടു വിദ്യാർത്ഥി പിടിയിൽ
115 കഞ്ചാവ് പൊതികളുമായി തിരുവനന്തപുരത്ത് പ്ലസ്‌ടു വിദ്യാർത്ഥി എക്സൈസ് പിടിയിൽ. എക്സൈസ് മൊബൈൽ ഇന്റെർവെൻഷൻ യൂണിറ്റ് കള്ളിക്കാട് മൈലോട്ട് മൂഴിയിൽ വച്ച് പിടികൂടിയ കുട്ടിയുടെ ബാഗിൽ മിഠായി കുപ്പികളിലാണ് കഞ്ചാവ് പൊതികൾ സൂക്ഷിച്ചിരുന്നത്. വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന ഇടനിലക്കാരനായി ഈ കുട്ടി പ്രവർത്തിച്ചു വരികെയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
മുക്കാൽ കിലോയോളം വരുന്ന കഞ്ചാവ് കസ്റ്റഡിയിൽ എടുത്ത ശേഷം കുട്ടിയെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള തുടർ നടപടികൾക്ക് വിധേയമാക്കി. സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഇയാൾ. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിക്കടത്ത് തടയാൻ ലക്ഷ്യമിട്ട് ആരംഭിച്ച കെഇഎംയു യൂണിറ്റ് നിലവിൽ നാല് ജില്ലകളിലെ സംസ്ഥാന അതിർത്തികളിലാണ് വിന്യസിച്ചിരിക്കുന്നത്.
എക്സൈസ് ഇൻസ്പെക്ടർ കെ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി ശങ്കർ, എം വിശാഖ്, കെ ആർ രജിത്ത് എന്നിവരാണ് റെയ്ഡ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് ചേർത്തലയിൽ വീടിന്റെ ടെറസിൽ വളർത്തിയിരുന്ന രണ്ട് കഞ്ചാവ് ചെടികൾ എക്സൈസ് കസ്റ്റഡിയിലെടുത്തത്.
ഗ്രോബാഗിൽ ചെടികൾ നട്ടു വളർത്തിയ 23 വയസ്സുള്ള ഫ്രാൻസിസ് പയസ് എന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജെ റോയിയുടെ നേതൃത്വത്തിൽ അന്ധകാരനഴി ഭാഗത്ത് നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.