കേരളം
പ്ലസ് ടു കോഴക്കേസ്: കെ.എം.ഷാജിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കിയ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഷാജിക്കെതിരേ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഷാജിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.2014-ല്‍ അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ എഫ്.ഐ.ആറാണ് കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ ഇത് വ്യക്തമായെന്ന് വിജിലൻസ് എഫ്.ഐ.ആർ നൽകിയിരുന്നു. സ്‌കൂളിലെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചതിൽ നിന്നും സാക്ഷിമൊഴികളിൽ നിന്നും ഇക്കാര്യം വ്യക്തമാണെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്. ഷാജിക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും വിജിലൻസ് തലശ്ശേരി കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറിലുണ്ട്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമമെന്നും പരാതി രാഷ്ട്രീയ പ്രേരിതമെന്നുമാണ് ആദ്യ ഘട്ടം മുതൽ കെ എം ഷാജിയുടെ നിലപാട്.
കോഴ നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജര്‍, മജിസ്ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു