കേരളം
പ്ലസ് ടു ഉത്തരസൂചിക പുനഃപരിശോധിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി; ബഹിഷ്‌കരണം തുടര്‍ന്ന് അധ്യാപകര്‍
പ്ലസ് ടു ഉത്തരസൂചിക പുനഃപരിശോധിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ചില അധ്യാപകര്‍ ബോധപൂര്‍വം പ്രശ്‌നം വഷളാക്കാന്‍ ശ്രമിക്കുകയാണ്. പുതിയ ഉത്തരസൂചികയുടെ ആവശ്യമില്ല. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നല്‍കിയ ഉത്തരസൂചികയില്‍ അപാകതയില്ല. അധ്യാപകര്‍ സഹകരിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. കൃത്യസമയത്ത് തന്നെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ക്യാമ്പില്‍ എത്തിയില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.
അതേസമയം ഉത്തരസൂചികയില്‍ മാറ്റം വരുത്താതെ മൂല്യനിര്‍ണയം നടത്തില്ലെന്ന നിലപാടിലാണ് അധ്യാപകര്‍. പ്ലസ് ടു മൂല്യ നിര്‍ണ്ണയത്തിന്റെ അവസാന ദിവസമായ ഇന്നും അധ്യാപകര്‍ ക്യാമ്പ് ബഹിഷ്‌കരിച്ചു. ഉത്തര സൂചികയില്‍ പരാതി ഉന്നയിച്ചും സ്‌കീം ഫൈനലൈസേഷന്‍ നടത്തിയ അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിലും പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം.
കഴിഞ്ഞ രണ്ട് ദിവസമായി വിവിധ ജില്ലകളിലെ ക്യാമ്പുകള്‍ അധ്യാപകര്‍ ബഹിഷ്‌കരിച്ചിരുന്നു. അധ്യാപകരും വിദഗ്ധരും ചേര്‍ന്ന് തയ്യാറാക്കുന്ന ഫൈനലൈസേഷന്‍ സ്‌കീമിനെ ആശ്രയിച്ചാണ് സാധാരണ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയം നടത്താറുള്ളത്. അത് അവഗണിച്ച് ചോദ്യകര്‍ത്താവ് തന്നെ തയ്യാറാക്കിയ ഉത്തര സൂചികയെ ആശ്രയിക്കാന്‍ വകുപ്പ് നിര്‍ദ്ദേശം നല്‍കിയതായിരുന്നു പ്രതിഷേധത്തിന് കാരണം.
ഉത്തര സൂചികയില്‍ കാര്യമായ പിഴവുകളുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് അധ്യാപകര്‍ പ്രതിഷേധിക്കുന്നത്. വാരിക്കോരി മാര്‍ക്ക് നല്‍കുന്ന തരത്തില്‍ ഫൈനലൈസഷന്‍ സ്‌കീം തയ്യാറാക്കിയെന്ന് ചൂണ്ടിക്കാട്ടി 12 അധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയോടെ പ്രതിഷേധം ശക്തമായി.
ഇത്തവണത്തെ കെമിസ്ട്രി പരീക്ഷ താരതമ്യേന ബുദ്ധിമുട്ടേറിയതെന്നാണെന്ന് പരാതികളുയര്‍ന്നിരുന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട മാര്‍ക്ക് കിട്ടുന്ന തരത്തിലുള്ള ഫൈനലൈസേഷന്‍ സ്‌കീം ഉപയോഗിക്കണമെന്നാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്.