കേരളം
പ്ലസ് വൺ : സീറ്റൊഴിവുകൾ ഇന്ന് പ്രസിദ്ധീകരിക്കും; അപേക്ഷകൾ വ്യാഴാഴ്ച വരെ സമർപ്പിക്കാം
പ്ലസ് വൺ പ്രവേശനത്തിന് താൽക്കാലി ബാച്ചുകളുടെ പട്ടിക അംഗീകരിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കി. സയൻസ് -20, ഹ്യൂമാനിറ്റീസ്- 49, കൊമേഴ്സ്- 10 എന്നിങ്ങനെയാണ് തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിൽ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിച്ച് അധിക ബാച്ച് അനുവദിച്ചത്. ഇതിൽ 19 ബാച്ചുകൾ ഷിഫ്റ്റു ചെയ്യുന്ന ബാച്ചുകളാണ്. എട്ട് സയൻസ് ബാച്ചുകളും അഞ്ച് ഹ്യുമാനിറ്റീസ് ബാച്ചുകളും ആറ് കൊമേഴ്സ് ബാച്ചുകളുമാണ് ആവശ്യമായ താലൂക്കുകളിലേക്ക് മാറ്റിയത്.
പ്ലസ് വൺ താൽക്കാലിക ബാച്ചുകളിലെ സീറ്റുകളും നിലവിലുള്ള ഒഴിവുകളും ഇന്ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ ഇന്നു രാവിലെ പത്തു മുതൽ 16 ന് വൈകീട്ട് നാലുവരെ ഓൺലൈനായി സമർപ്പിക്കാം. മെറിറ്റ്, സ്പോർട്സ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ പ്രവേശനം ലഭിച്ചവർക്കും ട്രാൻസ്ഫറിന് അപേക്ഷിക്കാം.
കോമ്പിനേഷൻ, സ്കൂൾ ട്രാൻസ്ഫർ അലോട്ട്മെന്റിന് ശേഷമുള്ള ഒഴിവുകൾ 20 ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്ക് 20 ന് രാവിലെ 10 മുതൽ അപേക്ഷ നൽകാം. പുതുതായി അപേക്ഷ നൽകാനും അവസരം ഉണ്ടാകും.