കേരളം
പ്ലസ് വൺ പ്രവേശനം: മാനേജ്മെന്റ് ക്വോട്ടയിലെ സീറ്റുകളെല്ലാം മെറിറ്റിന്റെ അടിസ്ഥാനത്തിൽ നൽകി ചളവറയിലെ സ്കൂൾ
പാലക്കാട്: സംസ്ഥാനത്ത് ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുകയാണ്. പ്ലസ് വൺ കോഴ്സിന് മാനേജ്മെൻ്റ് ക്വാട്ടയിലുള്ള സീറ്റുകൾ മെറിറ്റിൻ്റെ മാത്രം അടിസ്ഥാനത്തിൽ നൽകി മാതൃകയായിരിക്കുകയാണ് പാലക്കാട് ചെർപ്പുളശ്ശേരി ചളവറ ഹയർ സെക്കന്ററി സ്കൂൾ. പല മാനേജ്മെന്റുകളും അൻപതിനായിരം രൂപ വരെ വാങ്ങി മാനേജ്മെന്റ് സീറ്റ് നൽകുമ്പോഴാണ് മാർക്ക് മാത്രം മാനദണ്ഡമാക്കി ഇവിടെ തന്നെ പഠിച്ച 52 വിദ്യാർത്ഥികൾക്ക് ഈ വർഷവും പ്രവേശനം നൽകിയത്.
1966 ൽ ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ചളവറ ഹൈസ്കൂൾ സൊസൈറ്റിയാണ് ചളവറ ഹയർസെക്കണ്ടറി സ്കൂളിനെ നിയന്ത്രിക്കുന്നത്. 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ 2200 ലധികം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇവിടെ പ്ലസ് വൺ കോഴ്സിലേക്ക് 4 ബാച്ചുകളിലേക്കായി 52 വിദ്യാർത്ഥികൾക്കാണ് മാനേജ്മെൻ്റ് ക്വാട്ടയിൽ പ്രവേശനം നൽകിയത്. സർക്കാർ ഏകജാലകം വഴി മറ്റ് സ്കൂളുകളിൽ പ്രവേശനം ലഭിക്കാത്തവർക്ക് മാർക്ക് മാത്രം മാനദണഡമാക്കിയാണ് പ്രവേശനം എന്നതാണ് പ്രത്യേകത. കഴിഞ്ഞ 18 വർഷമായി തുടരുന്ന ഈ നടപടിയിലൂടെ ആയിരത്തിലധികം വിദ്യാർത്ഥികൾക്കാണ് ഗുണം ലഭിക്കുന്നത്.
മെറിറ്റ് സീറ്റില്‍ 2,63,688 ഉം സ്പോര്‍ട്സ് ക്വാട്ടയിൽ 3,574ഉം കമ്മ്യൂണിറ്റി ക്വാട്ടയിൽ 18,901ഉം മാനേജ്മെന്റ് ക്വാട്ടയിൽ 18,735ഉം അണ്‍ എയ്ഡഡിൽ 11,309ഉം പേർ പ്രവേശനം നേടിക്കഴിഞ്ഞു. മെറിറ്റ് സീറ്റില്‍ പ്രവേശന വിവരങ്ങള്‍ നല്‍കാനുള്ള 565 പേർ അടക്കം ആകെ 3,16,772 പേരാണ് പ്രവേശനം നേടിയത്. വോക്കേഷണൽ ഹയർസെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടി. സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകള്‍ അപേക്ഷ സമര്‍പ്പണം ജൂലൈ 8 മുതൽ 12 വരെയാണ്.