കേരളം
മാര്‍ത്തോമ്മ സഭ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം നിര്യാതനായി
മാര്‍ത്തോമ്മ സഭ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം നിര്യാതനായി. 103 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്. രാത്രി വൈകിയായിരുന്നു അന്ത്യം. മാര്‍േതാമ്മ സഭയുടെ മേലധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ വലിയ മെത്രാപ്പൊലീത്ത 2007 മുതല്‍ പൂര്‍ണ വിശ്രമത്തിലായിരുന്നു. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം.
കുഞ്ചന്‍നമ്പ്യാര്‍ക്കും ഇ.വി. കൃഷ്ണപിള്ളക്കും ശേഷം മലയാളികളെ എറെ ചിരിപ്പിച്ച വ്യക്തി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. ക്രിസ്തു ഉപമകളിലൂടെ വചനത്തെ ജനകീയമാക്കി ജനമനസ്സുകളെ ചേര്‍ത്തുനിര്‍ത്താന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം കണ്ടെത്തിയതും ദൈവപുത്രന്റെ മാര്‍ഗം തന്നെയായിരുന്നു. ആത്മീയ ലോകത്ത് നര്‍മത്തിന്റെ സാധ്യത കണ്ടറിഞ്ഞു ഈ വലിയ ഇടയന്‍. ക്രിസോസ്റ്റം തുറന്നുവിട്ട ചിരികളുടെ അലകള്‍ സമൂഹത്തിലേക്ക് പടര്‍ന്നുകയറി.
ലാളിത്യജീവിതത്തിെന്‍റ ഉടമയായിരുന്നു തിരുമേനി. 1918 ഏപ്രില്‍ 27ന് മാര്‍ത്തോമാ സഭയിലെ പ്രമുഖ വൈദികനും വികാരി ജനറാളുമായിരുന്ന ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഇ. ഉമ്മന്‍ അച്ചെന്റയും കളക്കാട് നടക്കേ വീട്ടില്‍ ശോശാമ്മയുടെയും രണ്ടാമത്തെ മകനായി ജനനം. ധര്‍മ്മിഷ്ടന്‍ എന്ന വിളിപേരില്‍ ഫിലിപ്പ് ഉമ്മനായി വിദ്യാഭ്യാസം. പമ്ബാ തീരത്ത് മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം, ആലുവ യു.സി കോളജില്‍ ബിരുദ പഠനം, ബംഗ്ലൂരു, കാന്‍റര്‍ബെറി എന്നിവിടങ്ങളില്‍ വേദശാസ്ത്ര പഠനം എന്നിവ പൂര്‍ത്തിയാക്കി.
1940 ജൂണ്‍ മൂന്നിന് വികാരിയായി ഇരവിപേരൂര്‍ പള്ളിയില്‍ ഔദ്യോഗിക തുടക്കം. 1944 ജനുവരി ഒന്നിന് ശെമ്മാശനായി. 1953 മെയ് 21ന് റമ്ബാന്‍ പട്ടവും 23ന് എപ്പിസ്കോപ്പയുമായി. 1978ല്‍ സഫ്രഗന്‍ മെത്രാപ്പോലീത്ത, 1999 മാര്‍ച്ച് 15ന് ഒഫീഷ്യറ്റിംഗ് മെത്രാപ്പോലീത്ത എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഒക്ടോബര്‍ 23ന് മെത്രാപ്പൊലീത്തയായി. 2018ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു.
മാര്‍ ക്രിസോസ്റ്റം തിരുമേനി എന്ന് കേൾക്കുമ്പോള്‍ എല്ലാവരുടെയും മനസ്സിൽ ആദ്യം തെളിയുക നിറപുഞ്ചിരി തൂകി വലിയ ചൈതന്യമുള്ള മുഖത്തോടു കൂടിയ ഒരു സാത്വികനെയാണ്. ദേഷ്യം എന്തെന്ന് പോലും അറിയാത്ത ശാന്തസ്വരൂപിയായ സന്യാസിയായിരുന്നു ആ മഹാ ഇടയന്‍. മാര്‍ത്തോമ സഭയിലെ പ്രമുഖനെങ്കിലും എല്ലാ മതസ്ഥരുമായി സൗഹൃദം വെച്ചുപുലര്‍ത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മിക്ക പ്രധാനമന്ത്രിമാരുമായി പോലും ഉറ്റചങ്ങാത്തം വെച്ചുപുലര്‍ത്തിയ വ്യക്തിത്വം. എന്നും നയിച്ച ലളിത ജീവിതം ബാക്കിവച്ചാണ് അദ്ദേഹം വിടവാങ്ങിയത്.