കേരളം
പേട്ടയിൽ സൈമൺ ലാലൻ മകളുടെ സുഹൃത്തിനെ കുത്തിയത് കൃത്യം ആസൂത്രണത്തോടെ
പേട്ടയിൽ മകളുടെ സുഹൃത്തിനെ അച്ഛൻ വീട്ടിനുള്ളിൽ വച്ച് കുത്തിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പൊലീസ്. കള്ളനാണെന്ന് കരുതി അബദ്ധത്തിൽ കുത്തിയെന്നായിരുന്നു പ്രതി സൈമണ്‍ ലാലന്‍റെ ആദ്യമൊഴി. ഇന്ന് കൊല നടന്ന വീട്ടിൽ നടത്തിയ തെളിവെടുപ്പില്‍ പ്രതി കുറ്റം പൂർണമായും സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട അനീഷ് ജോർജ്ജിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്ന ആരോപണം തെറ്റാണെന്നും പൊലീസ് പറഞ്ഞു.
പേട്ട ചായക്കുടി ലൈനിലെ വീട്ടിൽ വച്ചാണ് പത്തൊമ്പതുകാരനായ അനീഷ് ജോർജ്ജിനെ സുഹൃത്തിന്‍റെ അച്ഛൻ കുത്തിക്കൊലപ്പെടുത്തുന്നത്. കഴിഞ്ഞ വെളളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
കള്ളനാണെന്ന് കരുതി അബദ്ധത്തിൽ കുത്തിയെന്നായിരുന്നു പെണ്‍കുട്ടിയുടെ അച്ഛൻ സൈമണിന്‍റെ ആദ്യ മൊഴി. ഇന്ന് വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം ചെയ്തതെന്ന് സൈമണ്‍ ലാലൻ പൊലീസിനോട് സമ്മതിച്ചു. മകളെ കാണാൻ അനീഷ് ജോർജ്ജ് വീട്ടിലേക്ക് വരുന്നുണ്ടെന്ന വിവരം സൈമണിന് കിട്ടിയിരുന്നു. കൊല നടന്നതിന് ദിവസങ്ങള്‍ക്കു മുമ്പേ ജാഗ്രതയോടെ സൈമണ്‍ കാത്തിരുന്നു. അനീഷ് വീട്ടിനുള്ളിൽ പ്രവേശിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ കരുതി വച്ചിരുന്ന കത്തിയെടുത്ത് മകളുടെ മുറിയിൽ കയറി കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കുത്താനുപയോഗിച്ച കത്തി നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. അനീഷിനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു അനീഷിന്‍റെ മാതാപിതാക്കളുടെ ആരോപണം. ഇത് തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയാണ് മൂന്നു ദിവസത്തേക്ക് സൈമണിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.