കേരളം
സംസ്ഥാനത്ത് വീണ്ടും കോടികളുടെ നിക്ഷേപത്തട്ടിപ്പ്; സിപിഎം ഭരിക്കുന്ന സഹകരണ സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധം
സംസ്ഥാനത്ത് വീണ്ടും കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് ആരോപണം. കണ്ണൂർ ജില്ലയിലെ പേരാവൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ഹൗസിങ് ബിൽഡിങ് സൊസൈറ്റിക്ക് എതിരെയാണ് നിക്ഷേപകരുടെ ആരോപണം. പ്രതിഷേധവുമായി ഇന്ന് നൂറിലേറെ പേർ ഇവിടെ തടിച്ചുകൂടി. 2017 ൽ തുടങ്ങിയ ചിട്ടിയുടെ പണം തിരികെ കൊടുക്കാതെ തട്ടിച്ചുവെന്നാണ് ആരോപണം.
അതേസമയം നിക്ഷേപകർ ഒരുമിച്ച് എത്തിയതുകൊണ്ടാണ് പണം നൽകാനാകാത്തതെന്ന് സൊസൈറ്റി ഭരണസമിതി വിശദീകരിച്ചു. നിക്ഷേപകരുടെ മൂന്ന് കോടിയിലേറെ തട്ടിച്ചെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. പണം നൽകാൻ ആറുമാസം കൂടി സാവകാശം വേണമെന്നാണ് ഭരണസമിതി പറയുന്നത്. സൊസൈറ്റി 2017 ലാണ് മാസം രണ്ടായിരം രൂപ തവണ വ്യവസ്ഥയിൽ ഒരു ലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയത്. 600 ലേറെ പേർ ചിട്ടിയിൽ ചേർന്നിരുന്നു.
ഭൂരിഭാഗം പേരും ചിട്ടി അടിച്ച തുക സൊസൈറ്റിയിൽ തന്നെ നിക്ഷേപിച്ചു. ഇങ്ങനെ നിക്ഷേപിച്ചാൽ ചിട്ടിയുടെ ബാക്കി തുക അടക്കേണ്ടെന്നും കാലാവധി കഴിയുമ്പോൾ പണം മുഴുവനായി തരുമെന്നുമായിരുന്നു സൊസൈറ്റിയുടെ വാഗ്ദാനം. ഇത് വിശ്വസിച്ചാണ് നിക്ഷേപകർ പണം നിക്ഷേപിച്ചത്.
ഈ വർഷം ഓഗസ്റ്റ് പതിനഞ്ചിന് ചിട്ടിയുടെ കാലാവധി കഴിഞ്ഞു. പണം ആവശ്യപ്പെട്ട് നിക്ഷേപകർ സൊസൈറ്റിയെ സമീപിച്ചെങ്കിലും പണമില്ലെന്നായിരുന്നു മറുപടി.
നിക്ഷേപകർ പരാതി നൽകിയതോടെ സൊസൈറ്റി ഭാരവാഹികളുമായി പൊലീസിന്‍റെ സാന്നിധ്യത്തിൽ ചർച്ച നടന്നു. സെപ്റ്റംബർ 30 ന് പണം കൊടുക്കാമെന്ന് സൊസൈറ്റി ഉറപ്പുനൽകി. വ്യവസ്ഥ പ്രകാരം പണം വാങ്ങാനായി നിക്ഷേപകർ ഇന്ന് സൊസൈറ്റിയിൽ എത്തിയെങ്കിലും ആറ് മാസം കൂടി സാവകാശം വേണമെന്നാണ് ഭരണസമിതിയുടെ ആവശ്യം. പണം കിട്ടിയാലേ മടങ്ങൂവെന്ന് നിക്ഷേപകർ നിലപാടെടുത്തു. നൂറിലേറെ പേർ സൊസൈറ്റിക്ക് മുന്നിൽ പ്രതിഷേധം തുടരുകയാണ്. പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.