ആരോഗ്യം
അലര്‍ജിയുള്ളവര്‍ വാക്‌സിന്‍ കുത്തിവയ്പ് എടുക്കരുത്; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
കോവിഷീല്‍ഡ് വാക്‌സിനിലുള്ള ഘടകപദാര്‍ഥങ്ങളോട് അലര്‍ജിയുള്ളവര്‍ കുത്തിവയ്പ് എടുക്കരുതെന്ന മുന്നറിയിപ്പുമായി, നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റിയൂട്ട്. ആദ്യ ഡോസ് എടുത്തപ്പോള്‍ അലര്‍ജിയുണ്ടായവര്‍ രണ്ടാം ഡോസ് വാക്‌സിന്‍ കുത്തിവയ്ക്കരുതെന്നും നിര്‍മാതാക്കള്‍ നിര്‍ദേശിച്ചു.
കോവിഷീല്‍ഡ് വാക്‌സിനിലെ ഘടകപദാര്‍ഥങ്ങളുടെ പട്ടിക, സ്വീകര്‍ത്താക്കള്‍ക്കു വേണ്ടിയുള്ള വിവരങ്ങള്‍ എന്ന പേരില്‍ കമ്പനി പ്രസിദ്ധീകരിച്ചു. ഹിസ്റ്റിഡൈന്‍, ഹിസ്റ്റിഡൈന്‍ ഹൈഡ്രോക്ലോറൈഡ് മോണോ ഡൈഡ്രേറ്റ്, മഗ്നീഷ്യം ക്ലോറൈഡ് ഹെക്‌സ്‌ഹൈഡ്രേറ്റ്, പോളിസോര്‍ബനേറ്റ് 80, എഥനോള്‍, സക്രോസ്, സോഡിയം ക്ലോറൈഡ്, ഡിസോഡിയം എഡിറ്റേറ്റ് ഡിഹൈഡ്രേറ്റ്, വെള്ളം എന്നിവയാണ് വാക്‌സിനില്‍ ഉള്ളത്.
ഏതെങ്കിലും മരുന്നിനോ ഭക്ഷണത്തിനോ, മറ്റേതെങ്കിലും വാക്‌സിനോ, കോവിഡിഷീല്‍ഡ് വാക്‌സിനിലെ ഏതെങ്കിലും ഘടകത്തിനോ അലര്‍ജി ഉണ്ടായിട്ടുണ്ടോയെന്ന വിവരം വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ആരോഗ്യാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ വിവരവും വാക്‌സിന്‍ എടുക്കുന്ന സമയം അറിയിക്കണമെന്നും കമ്പനി നിര്‍ദേശിക്കുന്നു.
ഗര്‍ഭിണികള്‍, സമീപ ഭാവിയില്‍ ഗര്‍ഭം ധരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍, മുലയൂട്ടുന്നവര്‍ തുടങ്ങിയവര്‍ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്നും കമ്പനി നിര്‍ദേശിച്ചിട്ടുണ്ട്.
Also read: കോവാക്സിൻ എടുക്കുന്നവർക്ക് പ്രത്യേക സമ്മതപത്രം; വാക്സിനിൽ ഫലപ്രാപ്തി ഉറപ്പായിട്ടില്ല