കേരളം
ക്ഷേമ പെന്‍ഷന്‍ കിട്ടിയില്ല ; മറിയക്കുട്ടിയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍
പെന്‍ഷന്‍ കിട്ടാത്തതിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ക്ഷേമപെന്‍ഷന്‍ കിട്ടാന്‍ വൈകുന്നതിനെതിരെയാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചത്.
കേന്ദ്ര സർക്കാരിന്റെ വിഹിതം കിട്ടാത്തതിനാലാണ് പെൻഷനുകൾ യഥാസമയത്ത് കൊടുത്ത് തീർക്കാൻ കഴിയാത്തതെന്ന് സംസ്ഥാന സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മറിയക്കുട്ടിയുടെ ഹർജി രാഷ്‌ട്രീയ പ്രേരിതമെന്നാണ് സർക്കാരിന്റെ നിലപാട്.
സർക്കാരിന്റെ നിലപാടിൽ ഹൈക്കോടതി കടുത്ത അതൃപ്തി അറിയിച്ചിരുന്നു. മറിയക്കുട്ടിയെപ്പോലുള്ളവർ എങ്ങനെ ജീവിക്കുമെന്നും, മരുന്നിനും ഭക്ഷണത്തിനുമായാണ് 1600 രൂപയ്‌ക്ക് വേണ്ടി നിങ്ങൾക്ക് മുൻപിൽ കാത്തുനിൽക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു. പണമില്ലെന്ന് പറഞ്ഞ് സർക്കാരിന്റെ ഏതെങ്കിലും ആഘോഷങ്ങൾ മുടക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു.