കേരളം
കെഎസ്ആർടിസിയിൽ വീണ്ടും പെൻഷൻ മുടങ്ങി
കെഎസ്ആർടിസിയിൽ വീണ്ടും പെൻഷൻ മുടങ്ങി. പെൻഷൻ വിതരണത്തിനാവശ്യമായ തുക ഇതുവരെ ധനവകുപ്പ് സഹകരണവകുപ്പിന് കൈമാറിയിട്ടില്ല. നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും സമരത്തിനൊരുങ്ങുകയാണ് പെൻഷൻകാർ.
സഹകരണ ബാങ്കുകൾവഴി എല്ലാ മാസവും അഞ്ചിന് നൽകേണ്ട പെൻഷനാണ് ഈ മാസവും അനിശ്ചിതമായി വൈകുന്നത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് പണം അനുവദിക്കാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണം.
ഇതോടെ പെൻഷൻ വിതരണത്തിനുള്ള നടപടികൾ സഹകരണവകുപ്പ് നിർത്തിവച്ചു .കെഎസ്ആർടിസി പെൻഷൻ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിനാളുകളാണ് ഇതോടെ പ്രതിസന്ധിയിലായത്. പലർക്കും മരുന്ന് പോലും വാങ്ങാൻ പണമില്ലാത്ത അവസ്ഥയാണ്. മുൻപും ഈ സാഹചര്യമുണ്ടായതോടെ പെൻഷകാർ ആത്മഹത്യ ചെയ്തിരുന്നു. പിന്നീട് ഇനി പെൻഷൻ മുടങ്ങില്ലെന്ന് മുഖ്യമന്ത്രി നേരിട്ടാണ് ഇവർക്ക് ഉറപ്പ് നൽകിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ വികാരം സർക്കാരിനെതിരായ വോട്ടായി മാറാനും സാധ്യതയുണ്ട്. സർക്കാർ നേരിട്ട് പെൻഷൻ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് പോലും അട്ടിമറിച്ചാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പെൻഷൻകാരെ ദ്രോഹിക്കുന്നത്.