കേരളം
രോഗബാധിതര്‍ക്ക് നേരിട്ടു വോട്ടു ചെയ്യാൻ അവസരം നൽകണം: മന്ത്രിസഭായോഗം
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസമോ അതിന് രണ്ടുദിവസം മുമ്പോ കോവിഡ്-19 ഉള്‍പ്പെടെയുള്ള സാംക്രമിക രോഗം ബാധിച്ചവര്‍ക്കും ക്വാറന്‍റൈന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും ഭേദഗതി വരുത്തുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.
നിലവിലുള്ള നിയമ പ്രകാരം പോളിങ് സമയം രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ്.
പോളിങ്ങിന്‍റെ അവസാനത്തെ ഒരു മണിക്കൂര്‍ (വൈകിട്ട് 5 മുതല്‍ 6 വരെ) രോഗികൾക്കായി മാറ്റിവയ്ക്കാന്‍ ഭേദഗതി നിര്‍ദേശിക്കുന്നു.
ഇപ്പോഴുള്ള വ്യവസ്ഥയനുസരിച്ച് രോഗബാധയുള്ളവര്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ടിനുള്ള അവസരമാണുള്ളത്.
എന്നാല്‍, തപാല്‍ വോട്ടിന് മൂന്ന് ദിവസം മുമ്പോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്നതിലും കുറഞ്ഞ സമയത്തിനകം റിട്ടേണിംഗ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കണം.
മാത്രമല്ല, പോസ്റ്റല്‍ വോട്ട് അടയാളപ്പെടുത്തിയ വോട്ടര്‍പട്ടിക പോളിങ് ദിവസത്തിന് രണ്ടുദിവസം മുമ്പ് മുദ്രചെയ്ത് നല്‍കുകയും വേണം.
തെരഞ്ഞെടുപ്പ് ദിവസമോ അതിനു രണ്ടു ദിവസം മുമ്പോ രോഗബാധിതരാകുന്നവര്‍ക്കും സമ്പര്‍ക്ക വിലക്ക് നിര്‍ദശിക്കപ്പെട്ടവര്‍ക്കും ഇതു കാരണം വോട്ടു ചെയ്യാന്‍ കഴിയില്ല.
അതുകൊണ്ടാണ് രോഗം ബാധിച്ചവര്‍ക്കും സമ്പര്‍ക്കവിലക്കില്‍ കഴിയുന്നവര്‍ക്കും നേരിട്ട് വോട്ടുചെയ്യാന്‍ നിയമം ഭേദഗതി ചെയ്യുന്നത്.
കോവിഡ്-19 ബാധിച്ചവര്‍ക്കും സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ക്കും പോളിങ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തേണ്ട പ്രത്യേക സൗകര്യം സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗ നിര്‍ദേശം തയ്യാറാക്കി തദ്ദേശസ്വയംഭരണ വകുപ്പിന് നൽകണമെന്നും മന്ത്രിസഭ തീരുമാനിച്ചു.