കേരളം
പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തരുത്: എം.കെ രാഘവന്‍ എം.പി
പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ എക്സ്പ്രസ് സര്‍വ്വീസുകളായി ഉയര്‍ത്തുന്നതിലെ എതിര്‍പ്പറിയിച്ച് എം.കെ രാഘവന്‍ എം.പി കേന്ദ്ര റെയില്‍വേ മന്ത്രിക്കും, റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും കത്തയച്ചു.
വരുമാന വര്‍ദ്ധന ലക്ഷ്യമിട്ട് രാജ്യത്താകമാനം വിവിധ സോണുകളിലെ 162 പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ എക്സ്പ്രസ് സര്‍വ്വീസുകളായ് ഉയര്‍ത്താനുള്ള റെയില്‍വേയുടെ തീരുമാനം ലക്ഷക്കണക്കിന് പാവപ്പെട്ട ജനങ്ങളെ ബാധിക്കുമെന്ന് എം.പി കത്തില്‍ ചൂണ്ടിക്കാട്ടി. ടിക്കറ്റ് നിരക്ക് ഉയരുന്നതോടൊപ്പം തന്നെ ചെറു സ്റ്റേഷനുകളില്‍ നിലവിലുണ്ടായിരുന്ന സ്റ്റോപ്പുകളും എടുത്തുകളയേണ്ടിവരും.
ഇക്കാരണത്താല്‍ തന്നെ ഇത് കോവിഡിന് മുന്‍പ് ഇവയെ ആശ്രയിച്ചിരുന്ന സ്ഥിരം യാത്രക്കാരെ വലയ്ക്കുകയും, അവരെ കൂടുതല്‍ പണം മുടക്കി മറ്റ് യാത്രാ സൗകര്യങ്ങള്‍ തേടുന്നതിന് ഇടയാക്കുകയും ചെയ്യും.
സതേണ്‍ റെയില്‍വേയില്‍ ഇത്തരത്തില്‍ ആകെ 36 പാസഞ്ചര്‍ സര്‍വ്വീസുകള്‍ എക്സ്പ്രസ് സര്‍വ്വീസുകളായി ഉയര്‍ത്തപ്പെടും. ഇതില്‍ 10 എണ്ണം കേരളത്തിലെ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലൂടെ ഓടുന്നവയാണ്. ഇവയില്‍ ഏതാനും സര്‍വ്വീസുകള്‍ വളരെ തിരക്കേറിയവയാണ്.
യാത്രക്കാര്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കപ്പെടുന്നതു മുതല്‍ സ്റ്റോപ്പുകളില്ലാത്തതിനാലും, ടിക്കറ്റ് ചാര്‍ജ്ജ് ഉയരുന്നതിനാലും മറ്റു മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരും. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം കാര്യങ്ങള്‍ പരിഗണിച്ച് തീരുമാനം പുനഃപരിശോധിക്കണമെന്നും, തീരുമാനവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ ഈ യാത്രക്കാരെ വഴിയാധാരമാക്കാതെ അവര്‍ക്കുതകുന്ന തരത്തില്‍ മെമു പോലുള്ള സര്‍വ്വീസുകള്‍ പകരം ആരംഭിക്കണമെന്നും എം.പി മന്ത്രിയോടും ചെയര്‍മാനോടും ആവശ്യപ്പെട്ടു.