കേരളം
യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു; അധിക ട്രിപ്പുമായി കൊച്ചി മെട്രോ
യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ജൂലൈ 15 മുതല്‍ അധിക ട്രിപ്പുകള്‍ ആരംഭിക്കുമെന്ന് കൊച്ചി മെട്രോ. ഈ വര്‍ഷം കൊച്ചി മെട്രോയില്‍ 1,64,27,568 യാത്രക്കാരാണ് ഇതിനോടകം യാത്ര ചെയ്തത്. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയില്‍ പ്രതിദിനം യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം പേരാണ്. ഈ കാരണത്താലാണ് കൂടുതല്‍ സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കാന്‍ കെഎംആര്‍എല്‍ ട്രിപ്പുകളുടെ എണ്ണം ഉള്‍പ്പെടെ വര്‍ധിപ്പിക്കുന്നത്.
2024 ജൂലൈ 15 മുതലാണ് ട്രിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ഒരു ദിവസം 12 ട്രിപ്പുകളാണ് കൂടുതല്‍ ചേര്‍ക്കുന്നത്. തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാരുടെ തിരക്ക് ലഘൂകരിക്കാനും ട്രെയിനുകള്‍ക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് അധിക സര്‍വീസ്.
നിലവില്‍, രാവിലെ എട്ട് മണി മുതല്‍ പത്ത് മണി വരെയും വൈകുന്നേരം നാല് മണി മുതല്‍ ഏഴ് മണി വരെയുമാണ് മെട്രോയില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ഈ സമയങ്ങളില്‍ രണ്ട് ട്രെയിനുകള്‍ തമ്മിലുള്ള സമയദൈര്‍ഘ്യം ഏഴ് മിനിറ്റും 45 സെക്കന്‍ഡുമാണ്. പുതിയ ട്രിപ്പുകള്‍ കൂട്ടിച്ചേര്‍ക്കുന്നതോടെ ഈ ദൈര്‍ഘ്യം ഏഴ് മിനിറ്റായി ചുരുക്കാനാണ് പദ്ധതി.