കേരളം
യാത്രാപാസിനായി വന്‍തിരക്ക്; അപേക്ഷിക്കുന്നവർക്കെല്ലാം നല്‍കാനാകില്ലെന്ന് ഡിജിപി
യാത്രാപാസിനായി അപേക്ഷിക്കുന്നവര്‍ക്കെല്ലാം പാസ് നല്‍കാനാകില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. നാളെ മുതല്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കേണ്ടിവരും. നിര്‍മാണ മേഖലയിലെ ആളുകളെ ജോലിക്കെത്തിക്കേണ്ടത് ഉടമ പ്രത്യേക വാഹനത്തിലാണ്. അത്യാവശ്യത്തിന് പുറത്തിറങ്ങാന്‍ സത്യവാങ്മൂലം ആവശ്യമാണ്. ജോലിക്ക് പോകാന്‍ പാസ് നിർബന്ധമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ലോക്ഡൗണ്‍ ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാർക്ക് സുരക്ഷയൊരുക്കാന്‍ നടപടിയെടുക്കുമെന്ന് ഡിജിപി ഉറപ്പുനൽകി. നടപടി പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് വര്‍ധിക്കുന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്നാണ്. പൊലീസിന്റെ യാത്രാപാസിനായി വന്‍തിരക്കാണ്. ഒരു രാത്രികൊണ്ട് അപേക്ഷിച്ചത് നാല്പതിനായിരത്തോളം പേരാണ്. അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരെന്നും ഒഴിവാക്കാനാകാത്ത യാത്രക്ക് മാത്രമേ പാസ് ഉള്ളൂവെന്നാണ് പൊലീസ് നിലപാട്.
നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ് ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐപിഎസ്സ് അറിയിച്ചിരുന്നു. https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ്സ് ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്റെ നമ്പര്‍, സഹയാത്രികന്റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍, ഐഡന്റിറ്റി കാർഡ് വിവരങ്ങൾ തുടങ്ങിയവ നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഈ വിവരങ്ങള്‍ പോലീസ് കണ്ട്രോള് സെന്ററിൽ പരിശോധിച്ചശേഷം യോഗ്യമായ അപേക്ഷകൾക്ക് അനുമതി നൽകുന്നതാണ് .