കേരളം
‘പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കും’; ഒഴിഞ്ഞുമാറി ചാണ്ടി ഉമ്മന്‍
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രതികരിച്ച് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനം പറയുമെന്നും തനിക്ക് ഒന്നും പറയാനില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. അതേസമയം ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാല്‍ സന്തോഷമെന്ന് ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മറിയം ഉമ്മന്‍ പറഞ്ഞു. തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും മറിയം വ്യക്തമാക്കി.
മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പേരാണ് സിപിഐഎമ്മില്‍ നിന്ന് പരിഗണനയിലുള്ളത്; റെജി സഖറിയ, ജെയ്ക് സി തോമസ്, സുഭാഷ് പി വര്‍ഗീസ്. അനില്‍ ആന്റണിയുടെയും ജോര്‍ജ് കുര്യന്റെയും പേരാണ് ബിജെപി പരിഗണിക്കുന്നത്.
സെപ്തംബര്‍ 5നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 8നാണ് വോട്ടെണ്ണല്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന 18ന് നടക്കും. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയായിരുന്നു പുതുപ്പള്ളിയില്‍ മൂന്ന് മുന്നണികളും. താഴേക്കിടയില്‍ മുന്നണികള്‍ സജീവ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിരുന്നു. ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ യുഡിഎഫിന്റെ നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്തെത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളെ തന്നെയാണ് പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടത്തിനായി മണ്ഡലത്തില്‍ ഇറക്കിയിരിക്കുന്നത്.