പ്രാദേശിക വാർത്തകൾ
തെക്കൻ കേരളത്തിന് നിറച്ചാർത്തായി പരണിയം ഗവ: എൽ പി എസ് സ്റ്റേഡിയം ബഹു: പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല നാടിന് സമർപ്പിച്ചു
തെക്കൻ കേരളത്തിലെ കായിക പ്രേമികളുടെ ചിരകാല സ്വപ്നമായിരുന്ന പൂവാർ പരണിയം ഗവ: എൽ.പി.എസ് മിനി സ്റ്റേഡിയം നാടിന് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല നാടിന് സമർപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി. ആർ സലൂജ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു: പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുതകർമ്മത്തിൽ ബഹു: തിരുവനന്തപുരം എം പി ഡോ: ശശി തരൂർ വീഡിയോ കോൺഫറൻസിലൂടെ ആശംസകൾ അറിയിച്ചു.
സന്നിഹിതനായിരുന്ന ബഹു: കോവളം എം എൽ എ, എം വിൻസെന്റ് അവർകൾ ശിലാഫലകം അനാഛാദനം ചെയ്യുകയും സ്റ്റേഡിയം പ്രവേശന കവാടം ഉദ്ഘാടനം ചെയ്ത് ആശംസകൾ അർപ്പിക്കുകയും ചെയ്തു.
പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും 29 ലക്ഷം രൂപയും ഡോ: ശശി തരൂർ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയും ചിലവഴിച്ചാണ് 900 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം നിർമ്മിച്ചത്.
പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് അംഗം ബഹു: അഡ്വ: രാജേഷ് ചന്ദ്രദാസിന്റെ അശ്രാന്തപരിശ്രമമാണ് മിനി സ്റ്റേഡിയം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്.
സെവൻസ് ഫുട്ബോൾ, വോളിബോൾ, ഷട്ടിൽ ഉൾപ്പടെ കായിക പരിശീലനങ്ങൾ നടത്താൻ സാധിക്കുന്ന വിധത്തിൽ ആധുനിക രീതിയിൽ ആണ് സ്റ്റേഡിയം നിർമിച്ചിട്ടുള്ളത്. മുൻകാലങ്ങളിൽ പ്രശസ്ത വോളിബോൾ ടൂർണ്ണമെന്റുകൾ നടന്നു വന്നിരുന്ന സ്‌റ്റേഡിയമാണ് ഇന്ന് ആധുനിക രീതിയിൽ രൂപകൽപന ചെയ്ത് നാടിന് സമർപ്പിച്ചത്.
തിരുപുറം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൽ കിസ്തുദാസ്, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശീ. എസ് ആര്യദേവൻ, തിരുപുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എം മേഴ്സി, ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. എസ് സ്റ്റീഫൻ, ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷാകുമാരി എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.